ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 13 പന്ത് ബാക്കി നിര്‍ത്തി മറികടന്നു. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിംഗും കൈല്‍ മയേഴ്‌സും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇരുവരുടെയും മെല്ലെപ്പോക്ക് മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കി. കിംഗ് 42 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ മയേഴ്‌സ് 20 പന്തിലാണ് 25 റണ്‍സ് നേടിയത്. ജേസണ്‍ ചാള്‍സ് 14 പന്തില്‍ 12 റണ്‍സ് എടുത്ത് മടങ്ങിയതോടെ വിന്‍ഡീസ് പ്രതിരോധത്തിലായി.
ALSO READ: ഋഷഭ് പന്ത് പരിശീലനം തുടങ്ങി; 140 കി.മീ വേഗവും പ്രശ്‌നമല്ല, അമ്പരന്ന് മെഡിക്കല്‍ സ്റ്റാഫ്
12 പന്തില്‍ 20 റണ്‍സ് നേടിയ നിക്കോളാസ് പൂരന്റെയും അവസാന നിമിഷം ആഞ്ഞടിച്ച നായകന്‍ റോവ്മാന്‍ പവലിന്റെയും (19 പന്തില്‍ പുറത്താകാതെ 40 റണ്‍സ്) പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍ 150 കടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ തുടക്കം പാളി. അരങ്ങേറ്റ മത്സരത്തില്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ മടങ്ങി. 11 പന്തുകളില്‍ നിന്ന് 6 റണ്‍സുമായി മടങ്ങിയ ശുഭ്മാന്‍ ഗില്‍ വീണ്ടും താന്‍ ഫോമിലല്ലെന്ന് തെളിയിച്ചു. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തുടക്കം മുതല്‍ തന്നെ ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയ സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 10 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 83 റണ്‍സ് നേടി.
യുവതാരം തിലക് വര്‍മ്മ വീണ്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന കാഴ്ചയും മൂന്നാം ടി20യില്‍ കണ്ടു. 37 പന്തുകള്‍ നേരിട്ട തിലക് വര്‍മ്മ 49 റണ്‍സുമായും നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 15 പന്തില്‍ 20 റണ്‍സുമായും പുറത്താകാതെ നിന്നു. ജയത്തോടെ 5 മത്സരങ്ങളുടെ പരമ്പര 2 - 1 എന്ന നിലയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...