ഇനിയൊരു യുദ്ധം വേണ്ടെന്ന ലോക രാജ്യങ്ങളുടെ അഭ്യർത്ഥനകൾക്കും ചർച്ചകൾക്കും ചെവി കൊടുക്കാതെ റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് 300 ദിവസം പിന്നിടുന്നു. ഈ വർഷം ഫെബ്രുവരി 24 നാണ് യുദ്ധം തുടങ്ങുന്നത്. നാറ്റോയിൽ അംഗമാകാനുള്ള യുക്രൈന്‍റെ തീരുമാനം സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നു എന്ന് ആരോപിച്ചാണ് റഷ്യ യുക്രൈനിൽ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തിന് മുൻപ് നാറ്റോയിൽ അംഗമാകാനുള്ള തീരുമാനത്തിൽ നിന്ന് യുക്രൈൻ പിൻതിരിയണമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിനർ പുട്ടിൻ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ റഷ്യയുടെ താൽപര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് യുക്രൈൻ വ്യക്തമാക്കിയതോടെ യുദ്ധം ആരംഭിച്ചു.
ഇന്ന് മുന്നൂറാം ദിവസം എത്തി നിൽക്കുമ്പോഴും റഷ്യ ഇതുവരെയും ഈ ആക്രമണത്തെ യുദ്ധമായി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ റഷ്യൻ സേനയുടെ പത്ത് ശതമാനം ആളുകളെ മാത്രമാണ് യുക്രൈനിലേക്ക് അയച്ചത്. എന്നാൽ റഷ്യൻ ആക്രമണത്തെ എന്ത് വിധേനയും ചെറുക്കണമെന്നുറപ്പിച്ച് കച്ച കെട്ടി ഇറങ്ങിയ യുക്രൈൻ ജനതയെയാണ് കഴിഞ്ഞ 300 ദിവസങ്ങളിൽ കാണാൻ സാധിച്ചത്. യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി, യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെത്തി ജനങ്ങളെ നേരിൽ കണ്ട് സംസാരിക്കുകയും യുദ്ധത്തിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് സാധാരണക്കാരായ ജനങ്ങളെയുൾപ്പെടെ നിരവധി യുക്രേനിയൻ പൗരന്മാരെ സേനയിൽ പ്രവേശിപ്പിച്ചു.
അങ്ങനെ 10 ലക്ഷത്തിലധികം സൈനികരുള്ള റഷ്യ പോലൊരു വൻ ശക്തിക്ക് മുന്നിൽ യുക്രൈൻ വേഗം മുട്ട് മടക്കുമെന്ന പ്രവചനം ഒന്നുമല്ലാതായി മാറി. കീഴടങ്ങാൻ തയ്യാറാകാതെ പൊരുതാൻ തീരുമാനിച്ച യുക്രൈന്‍റെ യുദ്ധ വീര്യം ലോക രാജ്യങ്ങൾക്ക് മുന്നിൽ ചെറുത്തു നിൽപ്പിന്‍റെ പുതിയ പര്യായമായി മാറി. റഷ്യ യുക്രൈൻ യുദ്ധത്തില്‍ ഇതുവരെ 6755 പേർ കൊല്ലപ്പെടുകയും 10,607 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ച ആളുകളിൽ 424 പേർ കുട്ടികളാണ്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ റഷ്യ യുക്രൈനുമായി നരവധി തവണ നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല. ഇതേത്തുടർന്ന് റഷ്യ അവരുടെ 1.9 ലക്ഷം സൈനികരെ കീവ് ഉൾപ്പെടെയുള്ള യുക്രൈൻ നഗരങ്ങളിൽ വിന്യസിച്ചു.
തുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ പോര്‍ മുഖം റഷ്യക്കും യുക്രൈനുമിടയിൽ രൂപം കൊണ്ടു. യുദ്ധത്തില്‍ യുക്രൈന് പിൻതുണയുമായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ട് വന്നു. അവർ യുക്രൈന് ആവശ്യമായ യുദ്ധ ഉപകരണങ്ങും പണവും മരുന്നുകളും നൽകി സഹായിച്ചു. റഷ്യൻ എണ്ണയ്ക്ക് യൂറോപ്യൻ യൂണിയനിൽ വില പരിധി നിശ്ചയിക്കുകയും ഇരുന്നൂറോളം റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. സമാനമായ രീതിയിൽ നയതന്ത്ര പരമായി റഷ്യക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചെങ്കിലും യൂറോപ്യൻ യൂണിയനോ അമേരിക്കയോ യുദ്ധത്തിൽ പങ്കാളികളായിരുന്നില്ല.
സെപ്റ്റംബറിൽ ഡൊണെറ്റ്സ്ക്, ഖേർസൺ, സാഫോറീസിയ, ലുഹാൻസ് എന്നീ യുക്രേനിലെ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർത്തതായി പുട്ടിൻ പ്രഖ്യാപിച്ചു. തുടർന്ന് ഒക്ടോബറിൽ റഷ്യ, ഇറാൻ നിർമ്മിത ഷഹീദ് ഡ്രോണുകളും കമിക്കേസ് മിസൈലുകളും ഉപയോഗിച്ച് യുക്രൈനിലെ മറ്റ് പ്രദേശങ്ങളെ ആക്രമിച്ചു. ആദ്യം പരാജയം നേരിട്ട യുക്രൈൻ നവംബറോടെ ശക്തമായി തിരിച്ച് ആക്രമിച്ചു. അപ്രതീക്ഷിതമായ പ്രത്യാക്രമത്തിൽ ഖേർസൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് റഷ്യക്ക് പിൻമാറേണ്ടതായി വന്നു.
എന്നാൽ നിലവിൽ പ്രതികാരമെന്നോണം യുക്രൈനിലെ ഊർജ നിലയങ്ങള്‍ കേന്ദ്രീകരിച്ച് റഷ്യ ശക്തമായ ആക്രമണം അഴിച്ച് വിടുകയാണ്. ആദ്യം ഒരു ശക്തി പ്രകടനമെന്നോണം തുടങ്ങിയ യുദ്ധം റഷ്യക്കിപ്പോൾ ലോക രാജ്യങ്ങൾക്ക് മുന്നിൽ അവരുടെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതുവരെ 78 ലക്ഷത്തോളം അഭയാർത്ഥികളാണ് യുദ്ധത്തിന്‍റെ ഫലമായി ഉണ്ടായത്. ദിനം പ്രതി നാശങ്ങൾ വിതച്ചുകൊണ്ടിരിക്കുന്ന റഷ്യ യുക്രൈൻ യുദ്ധത്തിന് പരിസമാപ്തി ഉണ്ടാകുന്നതും കാത്തിരിക്കുകയാണ് ലോക ജനത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...