പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. വ്ളാഡിമർ പുടിനോട് എതിർക്കുന്നവർക്ക് കാലാകാലങ്ങളായി എന്ത് സംഭവിക്കുന്നോ അത് തന്നെ. റഷ്യൻ കൂലിപ്പടയാളി സംഘം വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്‌ഗെനി പ്രിഗോഷിൻ പടിഞ്ഞാറൻ റഷ്യയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ. പ്രിഗോഷിൻ, പുടിനെ ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ തന്നെ അയാൾ പോലും അയാളുടെ മരണം ഒരു പക്ഷേ ഉറപ്പിച്ചുകാണണം. ജൂണിൽ റഷ്യൻ സേനയ്ക്കെതിരെ തന്നെ നീക്കം നടത്തിയ പ്രിഗോഷിൻ പുടിനെ ഒന്ന് വിറപ്പിച്ചെന്നത് ശരിതന്നെ. അതിനുശേഷം നൂറുകണക്കിന് വാഗ്നർ പോരാളികളുമായി ബെലാറസിലേക്ക് പോയി. വാഗ്നർ ഗ്രൂപ്പിന് ഇനി എന്ത് സംഭവിക്കുമെന്നത് അനിശ്ചിതത്വമാണ്.
വാഗ്നർ ഗ്രൂപ്പ് എങ്ങനെയാണ് ഇത്ര വലുതായത്?
2014ൽ വാഗ്നർ ഗ്രൂപ്പ് സ്ഥാപിച്ചെന്നാണ് പ്രിഗോഷിൻ അവകാശപ്പെടുന്നത്. ഇതൊരു നിയമവിരുദ്ധസേനയെങ്കിലും 2022ൽ സ്വകാര്യ സൈനിക കമ്പനിയായി രജിസ്റ്റർ ചെയ്തു. പുടിന്റെ പാചകക്കാരൻ എന്നാണ് പ്രിഗോഷിന്റെ വിളിപ്പേര്. ധനികനായൊരു ബിസിനസുകാരനും അതെപോലെ തന്നെ ഒരു ക്രിമിനലുമാണ് അയാൾ. പുടിനുമായി ഏറെ അടുത്തബന്ധമുള്ളയാളും. വാഗ്നർ സംഘത്തിന്റെ ആദ്യ ഫീൽഡ് കമാൻഡർ ദിമിത്രി ഉത്‌കിൻ ആയിരുന്നു, റഷ്യയുടെ മുൻ സൈനിക ഓഫീസർ. റഷ്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചവരായിരുന്നു ആദ്യ ഈ സംഘത്തിലുണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തോളം അംഗങ്ങൾ. 2022ൽ പ്രിഗോഷിൻ റഷ്യൻ ജയിലുകളിൽ നിന്നും കുറ്റവാളികളുടെ വലിയൊരു റിക്യൂട്ട്മെന്റ് നടത്തി. യുക്രൈനിൽ റഷ്യയ്ക്ക് വേണ്ടി പോരടിക്കുന്നതിൽ ഭൂരിഭാഗവും വാഗ്നർ ഗ്രൂപ്പിലെ ഈ തടവുകാരാണ്. ഏകദേശം ഇരുപത്തി അയ്യായിരത്തോളം ഫൈറ്റർമാരാണ് ഇപ്പോൾ വാഗ്നറിനുള്ളത്. യുക്രൈനിൽ മാത്രമല്ല, സിറിയ, മാലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സുഡാൻ, ലിബിയ എന്നിവിടങ്ങളിലും വാഗ്നറുണ്ട്.
ALSO READ : Russia: വാഗ്നര്‍ കൂലിപ്പട്ടാള തലവന് യെവ്ജെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു
എങ്ങനെയാണ് ആ വിമാന അപകടം ?
ഓഗസ്റ്റ് 23ന് വൈകിട്ട് മോസ്കോയ്ക്കും സെന്റ് പീറ്റേഴ്സ്ബർഗിനും ഇടയിൽ സ്വകാര്യ വിമാന അപകടത്തിൽ വാഗ്നർ തലവൻ യെവ്‌ഗനി പ്രിഗോഷിനും ഒമ്പത് യാത്രക്കാരും കൊല്ലപ്പെട്ടെന്ന് റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണം. ദിമിത്രി ഉത്‌കിനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വലിയ ഊഹാപോഹങ്ങൾ ഉയർന്നു. റഷ്യയുടെ എഫ്എസ്ബി രഹസ്യാന്വേഷണ ഏജൻസിയാണ് ഉത്തരവാദിയെന്ന് യുകെ പ്രതിരോധ വൃത്തങ്ങൾ പറയുന്നു.
യുക്രൈനിൽ എന്താണ് വാഗ്നർ ചെയ്തുകൊണ്ടിരുന്നത്?
2023 മെയിൽ റഷ്യ പിടിച്ചെടുത്ത കിഴക്കൻ യുക്രൈൻ പ്രദേശമായ ബാക്മൂതിൽ ശക്തമായ പോരാട്ടമാണ് വാഗ്നർ നടത്തിയത്. യുക്രൈൻ യുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം തന്നെ പ്രിഗോഷിൻ റഷ്യൻ സൈന്യത്തിനെതിരെ ശക്തമായി രംഗത്തുവന്നു. റഷ്യൻ സൈനിക മേധാവി വലേറി ഗെരാസിമോവിനെതിരെയും പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനും എതിരെ നിരന്തം വിമർശനം ഉന്നയിച്ചു. ഇരുവരെയും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ അയ്യായിരത്തോളം വാഗ്നർ പടയാളികൾ മോസ്കോയിലേക്ക് ഒരു അപ്രതീക്ഷിത നീക്കം നടത്തി. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുമായി നടത്തിയ ചർച്ചയിലാണ് യുദ്ധസമാന സാഹചര്യം ഒഴിവായത്.
വാഗ്നർ പടയാളികൾക്ക് ഒന്നുകിൽ റഷ്യൻ ആർമിയിൽ ചേരാം അല്ലെങ്കിൽ പ്രിഗോഷിനൊപ്പം ബെലാറൂസിലേക്ക് പോകാമെന്ന് പുടിൻ പറഞ്ഞു. യുക്രെയിനിൽ യുദ്ധത്തിൽ വാഗ്നർ സൈന്യം അവശേഷിക്കുന്നില്ലെന്ന് യുഎസ് മിലിട്ടറി ഇന്റലിജൻസ് പറഞ്ഞതായുള്ള റിപ്പോർട്ടുമുണ്ട്.
വാഗ്നർ ബെലാറൂസിൽ ചെയ്യുന്നത്?
3,500 നും 5,000 നും ഇടയിൽ വാഗ്നർ അംഗങ്ങൾ ബെലാറൂസിൽ ഉണ്ട്. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സെൽ, ബ്രെസ്‌റ്റ്‌സ്‌കി എന്നിവിടങ്ങളിലെ സൈനിക ക്യാമ്പുകളിലാണ് ഇവർ താമസിക്കുന്നതെന്ന് കരുതപ്പെടുന്നു. ബെലാറൂസ് പ്രതിരോധ മന്ത്രാലയം പറയുന്നത് അവർ രാജ്യത്തിന്റെ പ്രാദേശിക സേനയെ പരിശീലിപ്പിക്കുകയാണെന്നാണ്.
വാഗ്നർ ആഫ്രിക്കയിൽ-
ആയിരത്തോളം വാഗ്നർ ഫൈറ്റേഴ്സ് 2021 മുതൽ മാലിയിലുണ്ട്. അവിടെ പ്രവർത്തിച്ചിരുന്ന യുഎൻ, ഫ്രഞ്ച് സമാധാന സേനയെ മാറ്റിയാണ് സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ നേരിടാൻ വാഗ്നർ എത്തിയത്. അൽ-ഖ്വയിദയുമായി ബന്ധമുള്ള ജമാ അത് നുസ്രത് അൽ ഇസ്ലാം വൽ മുസ്ലിമിനുമായി പലവട്ടം ഏറ്റുമുട്ടുകയും ചെയ്തു. ആഫ്രിക്കയിൽ ചിത്രീകരിച്ച സമീപകാല വീഡിയോ റെക്കോർഡിംഗിൽ, പ്രിഗോഷിൻ പറയുന്നത് ഇങ്ങനെയാണ്. : "ഞങ്ങൾ ഐഎസിനും അൽ-ഖ്വയ്ദയ്ക്കും മറ്റ് കൊള്ളക്കാർക്കും ജീവിതം ഒരു പേടിസ്വപ്നമാക്കി മാറ്റുകയാണ്."
ആയിരത്തോളം പടയാളികളാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR)ഉള്ളത്. വിമത സേനയ്‌ക്കെതിരെ പോരാടുന്നതിന് സൈനികരെ പരിശീലിപ്പിക്കുന്നത് ഇവരാണെന്ന് പറയുന്നു. മിഡാസ് എന്ന വാഗ്നർ കമ്പനി ആഫ്രിക്കയിൽ സ്വർണ ഖനനത്തിലൂടെ പണം സമ്പാദിക്കുന്നതായും ആരോപണമുണ്ട്. സുഡാനിൽ 2017 മുതൽ ഇവരുണ്ട്. സൈനികർക്ക് പരിശീലനം നൽകുന്നതും പ്രതിഷേധക്കാരെ അമർച്ച ചെയ്യുന്നതുമാണ് ജോലി. 2017-ൽ സുഡാൻ സർക്കാർ പ്രിഗോഷിന്റെ കമ്പനിയായ എം-ഇൻവെസ്റ്റിന് സ്വർണ്ണ ഖനന കരാറുകൾ നൽകി. 2020 ജൂലൈയിൽ കമ്പനിക്കും അതിന്റെ അനുബന്ധ സ്ഥാപനമായ മെറോ ഗോൾഡിനും എതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി.
വാഗ്നർ പോരാളികൾക്കെതിരായ കുറ്റങ്ങൾ-
2022ൽ കിവിന് സമീപം മൂന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയതായി യുക്രൈൻ പറയുന്നു. 2022 മാർച്ചിൽ വാഗ്‌നർ സൈന്യം ബുച്ചയിൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്‌തതായി ജർമ്മൻ ഇന്റലിജൻസ് പറയുന്നു. 2020-ൽ, ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലും പരിസരത്തും വാഗ്നർ കൂലിപ്പടയാളികൾ കുഴിബോംബുകളും സമാനമായ ഉപകരണങ്ങളും സ്ഥാപിച്ചതായി യുഎസ് സൈന്യം ആരോപിക്കുന്നു.
വെല്ലുവിളിക്കുന്നവരെ വെറുതെവിടുന്ന ശീലമില്ലാത്ത പുടിൻ.
അലക്സാണ്ടർ ലിറ്റ്‌വിനെങ്കോയുടെ മരണം-
മുൻ റഷ്യൻ ഇന്റലിജൻസ് ഓഫീസറായിരുന്നു അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ. 2006 ൽ ലണ്ടനിലെ ആശുപത്രിയിൽ സാവധാനം വേദനിച്ചുകൊണ്ട് മരിച്ചു. റേഡിയോ ആക്ടീവ് പൊളോണിയം-210 വിഷമാണ് ലിറ്റ്‌വിനെങ്കോയുടെ ജീവനെടുത്ത്. തുടർന്നുള്ള അന്വേഷണത്തിൽ, റഷ്യയിൽ നിന്നാണ് മാരകമായ പദാർത്ഥം എത്തിയതെന്ന് മനസിലായി. റഷ്യൻ സർക്കാർ ലബോറട്ടറിയിൽ മാത്രമേ ഈ വസ്തു ഉള്ളൂ. എന്നാൽ ഇതിൽ പങ്കില്ലെന്നാണ് മോസ്കോ പറഞ്ഞത്.
സെർജി സ്ക്രീപൽ-
ബ്രിട്ടൻ അഭയം നൽകിയിരുന്ന മുൻ റഷ്യൻ ഡബിൾ ഏജന്റാണ് സെർജി സ്ക്രീപൽ. അമേരിക്കയിലേയും യൂറോപ്പിലെയും റഷ്യൻ ചാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ–6ന് കൈമാറിയതിനു 2006ൽ റഷ്യ 13 വർഷത്തേക്കു ജയിലിലടച്ച മുൻ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ. റഷ്യൻ നിർമ്മിത രാസവസ്തുവായ നോവിചോക് ഉപയോഗിച്ച് സെർജി സ്ക്രീപലിനും മകൾ യൂലിയക്കുമെതിരേ നടന്ന നെർവ് ഏജന്റ് ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നാണ് ബ്രിട്ടൻ പറയുന്നത്. സാലിസ്ബറിയിലെ വീട്ടിൽ ഡോറിന്റെ കൈപ്പിടിയിൽ നോവിചോക് നെർവ് ഏജന്റ് പുരട്ടിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആയിടക്കാണ് പെർഫ്യൂ ബോട്ടിലെടുത്ത് കയ്യിലടിച്ച പ്രദേശവാസിയായ ഡോൺ സ്റ്റർഗസ് എന്ന 44കാരി മരിച്ചത്. പെർഫ്യൂം ബോട്ടിലിൽ നിന്ന് നോവിചോക് വിഷമേറ്റാണ് മരണം. സ്കീപലിനു മകൾക്കും എതിരെ ഉപയോഗിച്ച വിഷവസ്തുവിന്റെ ബാക്കിഭാഗമാകാം ഇതെന്നാണ് പറയപ്പെടുന്നത്. വിമർശകരെയും ഇങ്ങനെ പല വഴികളിലൂടെ നിശബ്ദരാക്കിയിട്ടുണ്ട് റഷ്യ. ഉയർന്ന കെട്ടിടത്തിൽ നിന്ന് ജനാലകൾക്കിടയിലൂടെ വീണുള്ള മരണങ്ങൾ പലതും സംഭവിച്ചിട്ടുണ്ട്.
അലക്സി നവാൽനി-
വ്ളാഡിമർ പുടിന്റെ എക്കാലത്തെയും കടുത്ത വിമർശകനായിരുന്നു അലക്സി നവാൽനി. 2020ൽ നോവിചോക് എന്ന അതിമാരക രാസായുധമാണ് നവാൽനിക്കെതിരെ പ്രയോഗിച്ചത്. തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയെങ്കിലും കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...