തിരുവനന്തപുരം: കല്ലമ്പലത്തു ദളിത് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ജൂലൈ പതിനേഴാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒൻപത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ വർണ്ണ മത്സ്യത്തെ നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
കുട്ടിയുടെ മാതാപിതാക്കള്‍ ബലിതര്‍പ്പണത്തിന് പോയ സമയത്താണ് കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച് കുട്ടി ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം തുറന്നുപറഞ്ഞത്.
കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇടുക്കിയിൽ മധ്യവയസ്‌കന്റെ കൈപ്പത്തി വെട്ടിമാറ്റി
ഇടുക്കി: അടിമാലിയിൽ മധ്യവയസ്‌കന്റെ കൈപ്പത്തി വെട്ടിമാറ്റി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തിനിടയില്‍ പൊളിഞ്ഞപാലം സ്വദേശി വിജയരാജിന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. കൈപ്പത്തിയുടെ 80 ശതമാനവും ആക്രമണത്തെ തുടർന്ന് അറ്റു പോയി. പ്രതിയായ അടിമാലി സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ലഭിക്കുന്ന വിവരം.
സംഭവം നടക്കുന്നത് ഞായറാഴ്ച്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു. അക്രമത്തിനിരയായ വിജയരാജും മരുമകനും കൊച്ചുമകളും കൂടി അടിമാലിയിലേക്ക് വരുകയായിരുന്നു. യാത്രാമധ്യേ പ്രതിയായ ബിനുവും മറ്റു രണ്ടു സ്ത്രീകളും ചേർന്ന് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി. തുടർന്ന് സാമ്പത്തികമായി ഇവർ തമ്മിലുണ്ടായിരുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തർക്കിച്ചു. ഇതിനിടെ ബിനു കൈയ്യിലിരുന്ന വെട്ടുകത്തി വിജയരാജിനു നേരെ വീശി. കഴുത്തിന് നേരെ വന്ന കത്തി തടയുന്നതിനിടയിലാണ് വിജയരാജിന്റെ കൈപ്പത്തി അറ്റുപോയത്.
എൺപതുശതമാനത്തോളം കൈ അറ്റുപോയിട്ടുണ്ട്. അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സയ്ക്കു ശേഷം വിജയരാജിനെ എറണാകുളത്തുളള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രതിയായ ബിനുവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. അതിനു ശേഷം അറസ്റ്റുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...