പാരിസ്ഥിതിക സന്തുലനത്തിൽ തണ്ണീർത്തടങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. തണ്ണീർത്തടങ്ങൾ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്. തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്. മലിനജലത്തെ ശുദ്ധീകരിച്ച്, ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാലാണ് തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്ന് വിളിക്കുന്നത്.
ഇന്നത്തെ കാലത്ത്, തണ്ണീർത്തടങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശം മറ്റേത് ആവാസ വ്യവസ്ഥതിക്ക് സംഭവിക്കുന്ന ആഘാതത്തേക്കാളും വളരെ വേഗത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും തണ്ണീർത്തടങ്ങൾ അതിപ്രധാനമാണ്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തണ്ണീർത്തടങ്ങൾ കാണപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ തണ്ണീർത്തടങ്ങളുടെ കൂട്ടത്തിൽ ആമസോൺ നദീതടവും പടിഞ്ഞാറൻ സൈബീരിയൻ സമതലപ്രദേശവും ഉൾപ്പെടുന്നുണ്ട്.
സാമ്പത്തികമായും സാമൂഹികമായും തണ്ണീർത്തടങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. 2007ൽ നടത്തിയ ഒരു പഠനമനുസരിച്ച് കേരളത്തിലെ തണ്ണീർത്തടങ്ങൾ വർഷത്തിൽ 157.97 കോടി രൂപയുടെ വരുമാനം നേടിത്തരുന്നുണ്ട്. സംസ്ഥാനത്തെ നെൽവയലുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ 231.15 കോടി രൂപയുടെ വരുമാനം തണ്ണീർത്തടങ്ങൾ കേരളത്തിന് നേടിത്തരുന്നതായി പഠനം വിലയിരുത്തുന്നു. ഭക്ഷ്യശൃംഖലയിലുള്ള തണ്ണീർത്തടങ്ങളുടെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
കേരളത്തിലെ 44 നദികളും കായലുകളും അഴിമുഖങ്ങളും പൊഴികളും നെൽവയലുകളും റിസർവോയറുകളുമെല്ലാം തണ്ണീർത്തടങ്ങളുടെ പട്ടികയിൽ പെടുന്നു. 2001 ലെ ഒരു പഠനത്തിൽ കൃത്രിമ ജലാശയങ്ങളും റിസർവോയറുകളും ഒഴികെ കേരളത്തിൽ 157 തണ്ണീർത്തടങ്ങളാണുള്ളതെന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ മിക്ക തണ്ണീർത്തടങ്ങളും ഓരുവെള്ളം കയറുന്നവയാണ്. ഏതാനും ശുദ്ധജല തടാകങ്ങളും കേരളത്തിലുണ്ട്. ആലപ്പുഴയിലെ കുട്ടനാട് നെൽപ്പാടങ്ങൾ, എറണാകുളത്തെ പൊക്കാളിപ്പാടങ്ങൾ, തൃശ്ശൂരിലെ കോൾ നിലങ്ങൾ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ജാതിച്ചതുപ്പുകൾ എന്നിവ കേരളത്തിന്റെ തനതായ തണ്ണീർത്തടങ്ങളാണ്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനവും പ്രളയവും തണ്ണീർത്തടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ അനന്തരഫലമല്ലേയെന്ന് ചിന്തിക്കേണ്ട സമയമാണ്. സ്വാഭാവികമായ ആവാസവ്യവസ്ഥയെ മനുഷ്യന്റെ ഇടപെടലുകൾ എത്രത്തോളം ബാധിക്കുന്നുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തണ്ണീർത്തടങ്ങൾ അന്യമാകുന്നത് കാണിക്കുന്നത്.
എന്നാൽ, തണ്ണീർത്തടങ്ങൾ നികത്തുന്നതിന് യാതൊരു നിയന്ത്രണവും നടപടികളും ഇല്ലാത്ത സാഹചര്യമാണ് ഇന്ന് കാണുന്നത്. തണ്ണീർത്തടങ്ങള്‍ സംരക്ഷിക്കുന്നതിനും അനധികൃതമായി നികത്തിയത് പുനസ്ഥാപിക്കുന്നതിനുമായി ജില്ലാതല നിരീക്ഷണവും പരാതി പരിഹാര സെല്ലും രൂപീകരിക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിനോട് അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ഉത്തരവിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ജില്ലാ കളക്ടർമാർക്ക് അനുമതി നൽകിയില്ലെന്നാണ് രേഖകൾ തെളിയിക്കുന്നത്. തീരുമാനം വൈകുന്നത് കൂടുതൽ പ്രകൃതി ചൂഷണത്തിന് ഇടയാക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...