ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ (Covid 19) അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Elections 2022) തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളായാണ് (7 Phases) തിരഞ്ഞെടുപ്പ് നടത്തുന്നത്. മാർച്ച് 10ന് ആണ് വോട്ടെണ്ണൽ. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനത്തിൽ തിയതി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യഘട്ടം ഫെബ്രുവരി 10 - ഉത്തർപ്രദേശ്
രണ്ടാം ഘട്ടം ഫെബ്രുവരി 14 - യുപി (രണ്ടാം ഘട്ടം), ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ
മൂന്നാം ഘട്ടം ഫെബ്രുവരി 20 - യുപി (മൂന്നാം ഘട്ടം),
നാലാം ഘട്ടം ഫെബ്രുവരി 23 - യുപി (നാലാം ഘട്ടം)
അഞ്ചാം ഘട്ടം ഫെബ്രുവരി 27 - യുപി (അഞ്ചാം ഘട്ടം), മണിപ്പൂർ (ആദ്യഘട്ടം)
ആറാം ഘട്ടം മാർച്ച് 3 - യുപി (ആറാം ഘട്ടം), മണിപ്പൂർ (രണ്ടാം ഘട്ടം)
ഏഴാം ഘട്ടം മാർച്ച് 7 - യുപി
5 സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങലിലേക്കാണ് വോട്ടെടുപ്പ്. 403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. പഞ്ചാബിലെ 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും, മണിപ്പൂരിൽ 60 സീറ്റുകളിലേക്കു, ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
ആകെ 18.34 കോടി വോട്ടർമാരാണ് ഉള്ളത്. 5 സംസ്ഥാനങ്ങളിലായി 24.9 ലക്ഷം കന്നി വോട്ടർമാരാണുള്ളത്. കർശന കോവിഡ് നിയന്ത്രണങ്ങളിലാവും വോട്ടെടുപ്പ് നടത്തുക. വോട്ടെടുപ്പ് സമയം 1 മണിക്കൂർ നീട്ടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് നിലവിൽ അധികാരത്തില്‍.
80 വയസ് കഴിഞ്ഞവർക്കും തപാൽ വോട്ട് ചെയ്യാം. ഭിന്നശേഷിക്കാർക്കും, കോവിഡ് ബാധിതർക്കും തപാൽ വോട്ടിന് സൗകര്യമുണ്ടാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ത്രീകൾക്ക് മാത്രമായി ഒരു പോളിംഗ് സ്റ്റേഷനെങ്കിലും നിർബന്ധമാണ്. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാമനിർദേശ പത്രിക ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. സുരക്ഷിതമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിപുലമായ കോവിഡ് മാർഗരേഖ പുറത്തിറക്കും. ജനുവരി 15 വരെ റാലികളും പദയാത്രകളും, റോഡ് ഷോയും വിലക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒരു പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...