വാരണാസി: ഭാരതരത്‌ന ജേതാവ് ഉസ്താദ് ബിസ്മില്ല ഖാന്‍റെ ഷെഹനായി മോഷണം പോയ സംഭവത്തില്‍ അദ്ദേഹത്തിന്‍റെ ചെറുമകനടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജുവലറി ഉടമകളായ ശങ്കര്‍ലാല്‍ സേത്തും മകന്‍ സുജിത് സേത്തുമാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.
ബിസ്മില്ല ഖാന്‍റെ വെള്ളിയില്‍ നിര്‍മ്മിച്ച രണ്ട് ഷെഹ്നായികളും തടിയില്‍ നിര്‍മ്മിച്ച ഒരു ഷെഹ്നായിയും ചെറുമകന്‍ ശങ്കര്‍ലാലിനും മകനും വില്‍ക്കുകയായിരുന്നു. 17000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്.
വാരണാസി പോലീസിലെ പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഷെഹനായി മോഷണം പോയതിന് പിന്നാലെ നഗരം വിടാനൊരുങ്ങിയ ഉസ്താദിന്‍റെ ചെറുമകനായ നജ്‌റെ ഹസനെ പോലീസ് പിടികൂടുകയായിരുന്നു. ഹസനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
കടം മേടിച്ച പണം തിരികെ നല്‍കുന്നതിനാണ് ഷെഹനായി മോഷ്ടിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ഹസന്‍ സമ്മതിച്ചത്. പ്രദേശത്തെ ജൂവലറികളിലായി ഷെഹനായി ഇയാള്‍ വിറ്റിരുന്നു. വെള്ളിയില്‍ തീര്‍ത്ത നാല് ഷെഹനായികളില്‍ മൂന്നെണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ക്കായി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാരണാസിയിലെ ചൗക്ക് പോലീസ് സ്‌റ്റേഷനില്‍ ബിസ്മില്ല ഖാന്‍റെ മകന്‍ കാസിം ഹുസൈന്‍ ഡിസംബര്‍ അഞ്ചിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകന്‍ കുടുങ്ങിയത്. കുടുംബാംഗങ്ങള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് നവംബര്‍ 29നും ഡിസംബര്‍ 4നും ഇടയ്ക്കാണ് മോഷണം നടന്നതെന്ന് കാസിം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.