New Delhi: സുപ്രീം കോടതിയുടെ സമ്മര്‍ദ്ദവും സംസ്ഥാനങ്ങളുടെ ആവശ്യവും ഒടുവില്‍ ഫലം കണ്ടു. വാക്‌സിന്‍ നയത്തില്‍ സാരമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) നിര്‍ണ്ണായകമായ ആ തീരുമാനം അറിയിയ്ക്കുകയുണ്ടായി. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയത്.
എന്നാല്‍, ലളിതമായ ഒരു ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രഹുല്‍ ഗാന്ധി (Rahul Gandhi) എത്തി. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണം? അതായിരുന്നു അദ്ദേഹത്തിന്‍റെ ലളിതമായ ചോദ്യം
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഈ "ലളിതമായ" കാര്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പുതിയ വാക്‌സീന്‍ നയത്തില്‍ 25% സ്വകാര്യ ആശുപത്രികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിനേഷന് ചാര്‍ജ്ജ് ആയി ഈടാക്കമെന്നും പറഞ്ഞിരുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ നേതാക്കള്‍ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു. ആ അവസരത്തിലാണ് വീണ്ടും ലളിതമായ ചോദ്യവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. #FreeVaccineForAll എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
One simple question-
If vaccines are free for all, why should private hospitals charge for them? #FreeVaccineForAll
— Rahul Gandhi (@RahulGandhi) June 7, 2021
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ വാക്സിന്‍ നല്‍കണമെന്ന ആവശ്യം മുന്‍പും രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു.
രാഹുലിനെക്കൂടാതെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും പ്രതികരണവുമായി എത്തിയിരുന്നു. സുപ്രീംകോടതിയുടെയും പ്രതിപക്ഷത്തിന്‍റെയും ഇടപെടലുകള്‍ കാരണം വാക്‌സിന്‍ നയം തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്നാല്‍, ജൂലൈയില്‍ പ്രതിദിനം 1 കോടി ആളുകള്‍ക്ക് കുത്തിവയ്പ്പ് നടത്താനുള്ള വാക്‌സിന്‍ സ്‌റ്റോക്ക് ഉണ്ടോയെന്നും അതിന്‍റെ പദ്ധതി രേഖ എവിടെയെന്നും ഖാര്‍ഖെ ചോദിച്ചു.
തെറ്റായ മാര്‍ഗങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തതില്‍ സന്തോഷമെന്നായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കുറിച്ചത്. ഒരു വര്‍ഷം മുന്‍പേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ വാക്‌സിന് ഓര്‍ഡര്‍ നല്‍കുകയും ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മാണം വ്യാപിക്കുകയും ചെയ്തിരുന്നുവെങ്കില്‍ 6 മാസത്തെ ദുരിതം രാജ്യത്തിന് ഒഴിവാക്കാമായിരുന്നുവെന്നും വാക്‌സിന്‍ കയറ്റുമതി ചെയ്യാമായിരുന്നുവെന്നും ശശി തരൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു.