ബെംഗളൂരു: നിധി ലഭിക്കാൻ നരബലി കൊടുക്കാൻ മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവും ജ്യോത്സ്യനും അറസ്റ്റിൽ. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം നടന്നത്. ഭൂമിക്കടിയിൽ നിന്ന് നിധി ലഭിക്കാൻ മനുഷ്യക്കുരുതി നടത്തണമെന്ന ജ്യോത്സ്യന്റെ വാക്കുകേട്ടാണ് യുവാവ് 52കാരനെ കുത്തിക്കൊലപ്പെടുത്തിയത്.
ചെരുപ്പുകുത്തിയായ പ്രഭാകർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്രപ്രദേശ് സ്വദേശിയായ ആനന്ദ് റെഡ്ഡി, ജ്യോത്സ്യൻ രാമകൃഷ്ണ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക-ആന്ധ്ര പ്രദേശ് അതിർത്തിക്ക് സമീപത്ത് നിന്നാണ് പ്രഭാകറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. ഹോട്ടലിൽ പാചക തൊഴിലാളിയായ ആനന്ദ് റെഡ്ഡി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി മാറാൻ വഴി തേടിയാണ് ആനന്ദ് ജ്യോത്സ്യനായ രാമകൃഷ്ണയെ കണ്ടത്. പരശുരംപുരയിൽ നിധിയുണ്ടെന്നും ഇത് സ്വന്തമാക്കാൻ നരബലി നടത്തണമെന്നും ജ്യോത്സ്യൻ ആനന്ദിനോട് പറഞ്ഞു.
ALSO READ: വീണ്ടും കാട്ടാനക്കലി; വയനാട് അട്ടമലയിൽ ഒരാൾ കൊല്ലപ്പെട്ടു
ജ്യോത്സ്യന്റെ വാക്കുകേട്ടാണ് ആനന്ദ് പ്രഭാകറിനെ കൊലപ്പെടുത്തിയെതന്ന് പോലീസ് പറയുന്നു. ചിത്രദുർഗയിലെ ചില്ലകേര ബസ് സ്റ്റോപ്പിൽ ചെരുപ്പ് തുന്നുന്ന ആളായിരുന്നു പ്രഭാകർ. മനുഷ്യക്കുരുതി നടത്തി ആ രക്തം മാരമ്മയ്ക്ക് സമർപ്പിക്കണമെന്നും അത് സ്വർണമായി തിരികെ ലഭിക്കുമെന്നുമായിരുന്നു ജ്യോത്സ്യൻ ആനന്ദിനെ വിശ്വസിപ്പിച്ചത്. നരബലി നടത്താനായി ആളെ കണ്ടെത്താൻ ആനന്ദ് അന്വേഷണം തുടങ്ങി.
ഇതിനിടയിലാണ് ചില്ലകേര ബസ് സ്റ്റോപ്പിൽ ചെരുപ്പുകുത്താനിരിക്കുന്ന പ്രഭാകറിനെ ആനന്ദ് ശ്രദ്ധിക്കുന്നത്. സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ പ്രഭാകറിനോട് താൻ ബൈക്കിൽ കൊണ്ടുപോയി വീട്ടിലാക്കാമെന്ന് ആനന്ദ് പറഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വാഹനത്തിന്റെ പെട്രോൾ തീർന്നെന്ന് പറഞ്ഞ് പ്രഭാകറിനെ ബൈക്കിൽ നിന്ന് ഇറക്കി.
പിന്നീട് കയ്യിൽ സൂക്ഷിച്ചിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നിരവധി തവണ കുത്തി പ്രഭാകറിനെ കൊലപ്പെടുത്തുകയായിരുന്നു. ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള മൂർച്ചയുള്ള കത്തിയാണ് പ്രതി കൊലപാതകം നടത്താൻ ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല നടത്തിയ ശേഷം നരബലിക്കായുള്ള ആളെ കിട്ടെയെന്ന് ജ്യോത്സ്യനെ ഫോണിൽ വിളിച്ച് അറിയിച്ചു.
പോലീസ് ഇരുവരുടെയും ഫോൺ കോളുകൾ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. നരബലി നടക്കുന്നതിന് ഇടയിലാണ് ആനന്ദ് റെഡ്ഡിയും ജ്യോത്സ്യൻ രാമകൃഷ്ണയും പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.