Imphal, Manipur: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന വംശീയ കലാപം കെട്ടടങ്ങുന്നില്ല. മെയ് മാസം തുടക്കത്തില്‍ ആരംഭിച്ച കലാപത്തില്‍ ഇതിനോടകം നൂറിലധികം പേര്‍ മരിച്ചു. ആയിരക്കണക്കിന് വീടുകള്‍ ആക്രമണകാരികള്‍ തീയിട്ടു നശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളില്‍ ഒന്ന് വ്യക്തമാവുകയാണ്. ഇപ്പോള്‍ കലാപകാരികള്‍ നേതാക്കളേയും അവരുടെ വീടുകളും ലക്ഷ്യമിടുകയാണ്. മണിപ്പൂരില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇംഫാലിൽ കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് അക്രമികൾ തീയിട്ടു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സംഭവസമയത്ത് രാജ് കുമാര്‍ സിംഗ് വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആഴ്ച ആദ്യം സംസ്ഥാന മന്ത്രിയും ബിജെപി നേതാവുമായ നെംച കിപ്ഗന്‍റെ വീടും അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു.
അതിനിടെ, സർക്കാർ ഒന്നിലധികം തലങ്ങളിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
അതേസമയം, മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ പെരുകുകയാണ്. മണിപ്പൂരിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്ത അക്രമ സംഭവത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിലേറെയായി നടക്കുന്ന അക്രമസംഭവത്തില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.
"സര്‍ക്കാരിന്‍റെ പ്രതിജ്ഞാബദ്ധതയനുസരിച്ച് എല്ലാവരുമായി ബന്ധപ്പെടുകയാണ്, വിവിധ തലങ്ങളിൽ ചർച്ചകള്‍ നടക്കുന്നു. ഗവർണർ ഒരു സമാധാന സമിതി രൂപീകരിച്ചിട്ടുണ്ട്, സമാധാന സമിതി അംഗങ്ങളുമായി ഉടന്‍ കൂടിയാലോചന ആരംഭിക്കും", മുഖ്യമന്ത്രി ബിരേൻ സിംഗ് വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണയോടെ എത്രയും വേഗം സമാധാനം കൈവരിക്കും. സ്ഥിതിഗതികൾ പെട്ടെന്ന് മെച്ചപ്പെടുമെന്ന് പറയുക എളുപ്പമല്ലെന്നും എന്നാൽ സംസ്ഥാനത്ത് അക്രമസംഭവങ്ങൾ കുറഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ചിലര്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു, ചിലര്‍ക്ക് തങ്ങളുടെ എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടു, ഈ സാഹചര്യത്തില്‍ എല്ലാം ഉടന്‍ ശരിയാകും എന്ന് പറയുക സാധ്യമല്ല, എന്നാല്‍, സംസ്ഥാനത്ത്, അക്രമസംഭവങ്ങള്‍ കുറഞ്ഞു വരികയാണ്, മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 50 ശതമാനത്തോളം വരുന്ന മെയ്തേയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരിയ്ക്കുന്നത്. മെയ്തേയ് സമുദായത്തെ പട്ടികവർഗ (എസ്ടി) പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ (എടിഎസ്‌യു) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് മെയ് 3 മുതല്‍ മണിപ്പൂരിൽ അക്രമസംഭവങ്ങള്‍ നടക്കുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ ,പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മെയ് 29 മുതൽ നാല് ദിവസം മണിപ്പൂർ സന്ദർശിച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കര്‍ശനമാക്കിയിരുന്നു.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിവിൽ സൊസൈറ്റി, സ്ത്രീകൾ, ആദിവാസി വിഭാഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അതനുസരിച്ച്, സംസ്ഥാനത്ത് സമാധാന സമിതിയും അന്വേഷണ സമിതിയും രൂപീകരിച്ചിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രിയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല, രണ്ടു മൂന്ന് ദിവസത്തെ ശാന്തതയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് അക്രമികള്‍ നടമാടുകയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...