UN Meeting: നിത്യാനന്ദയുടെ രാജ്യത്തെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചോ? യുഎന്‍ മീറ്റിങ്ങില്‍ യുഎസ്‌കെയുടെ പ്രതിനിധി, ഇന്ത്യക്കെതിരെ ആരോപണം

Nithyananda's Kailasa: ഇരുപത് ലക്ഷത്തോളം ആളുകൾ കൈലാസത്തിലുണ്ട് എന്നും 150 ൽപരം രാജ്യങ്ങളിൽ എംബസികളുണ്ട് എന്നും ആണ് ഇവരുടെ പ്രതിനിധി പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 12:45 PM IST
  • നിത്യാനന്ദയെ അദ്ദേഹത്തിന്റെ ജന്മരാജ്യമായ ഇന്ത്യ വേട്ടയാടുകയാണ് എന്നാണ് ആരോപണം
  • ഹിന്ദുമതത്തിന്റെ മഹാചാര്യൻ എന്നാണ് നിത്യാനന്ദയെ വിശേഷിപ്പിക്കുന്നത്
  • ഐക്യരാഷ്ട്രസഭ ഈ രാജ്യത്തിന് അംഗീകാരം നൽകിയോ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച
UN Meeting: നിത്യാനന്ദയുടെ രാജ്യത്തെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചോ? യുഎന്‍ മീറ്റിങ്ങില്‍ യുഎസ്‌കെയുടെ പ്രതിനിധി, ഇന്ത്യക്കെതിരെ ആരോപണം

ജനീവ: ബലാത്സംഗ കേസില്‍ പെട്ട് ഇന്ത്യ വിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ ഏറെനാളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാളാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ എന്ന പേരില്‍ 'സമ്പൂര്‍ണ ഹിന്ദു രാജ്യം' സ്വയം സ്ഥാപിച്ച് ജീവിക്കുകയാണിപ്പോള്‍. അങ്ങനെയുള്ള നിത്യാനന്ദയുടെ 'രാജ്യ'ത്തെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.

യുണൈറ്റസ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസയുടെ പ്രതിനിധി യുഎന്‍ കമ്മിറ്റി ഓണ്‍ എക്കണോമിക്, സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ (സിഇഎസ്ആര്‍) മീറ്റിങ്ങില്‍ ആണ് പങ്കെടുത്തത്. മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് കൈലാസത്തെ പ്രതിനിധീകരിച്ച് ഈ യോഗത്തില്‍ സംസാരിച്ചത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസയുടെ 'സ്ഥിരം അംബാസഡര്‍' എന്നാണ് ഐക്യരാഷ്ട്രസഭയുടെ വെബ്‌സൈറ്റില്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. 

Read Also: ഇന്ത്യ കോവിഡില്‍നിന്നും രക്ഷപെടണമെങ്കില്‍ തന്‍റെ പാദം പതിയണം.... നിത്യാനന്ദയുടെ പ്രവചനം

സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചായിരുന്നു യോഗത്തിലെ പ്രസംഗങ്ങള്‍. സുസ്ഥിര വികസന ലക്ഷ്യങ്ങളും ഹിന്ദുത്വവും എങ്ങനെ ചേര്‍ന്നുനില്‍ക്കുന്നു എന്നായിരുന്നു മാ വിജയപ്രിയ സംസാരിച്ചത്. തന്റെ രാജ്യത്തിന്റെ സ്ഥാപകനായ നിത്യാനന്ദയെ അദ്ദേഹത്തിന്റെ മാതൃരാജ്യം പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ആക്ഷേപവും ഇവര്‍ ഉന്നയിച്ചു. ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര പരമാധികാര ഹിന്ദു രാഷ്ട്രം എന്നാണ് യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയെ ഇവര്‍ വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ മഹാചാര്യന്‍ ആയ നിത്യാനന്ദ പരമശിവം ആണ് ഈ രാജ്യം സ്ഥാപിച്ചത് എന്നും അവര്‍ പറയുന്നുണ്ട്.

ആകെ അമ്പരപ്പിക്കും വിധമാണ് ഇവര്‍ ഐക്യരാഷ്ട്രസഭയുടെ പരിപാടിയില്‍ സംസാരിച്ചത്. ഹിന്ദുമതത്തിന്റെ തദ്ദേശീയ പാരമ്പര്യവും ഹിന്ദു ജീവിതശൈലയിും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചതിനാണ് നിത്യാനന്ദ വേട്ടയാടലുകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയായത് എന്നാണ് വാദം. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന അഭ്യര്‍ത്ഥനയും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളുണ്ട്. എവിടെ സ്ഥിതി ചെയ്യുന്നു എന്ന് പോലും അറിയാത്ത 'യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസ'യില്‍ 20 ലക്ഷത്തോളം ജനങ്ങളുണ്ട് എന്നതാണത്. 150 ല്‍ പരം രാജ്യങ്ങളില്‍ കൈലാസ എംബസികളും എന്‍ജിഓകളും സ്ഥാപിച്ചിട്ടുണ്ട് എന്നും യോഗത്തില്‍ ഇവര്‍ അവകാശപ്പെട്ടു. 

Read Also: 'കൈലാസ'ത്തില്‍ പെണ്ണുമെത്തി; കാണാതായ സഹോദരിമാര്‍ നിത്യാനന്ദയ്ക്കൊപ്പം!!

2019 ല്‍ ആണ് കൈലാസ രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്. 2020 ല്‍ റിസര്‍വവ് ബാങ്ക് ഓഫ് കൈലാസയും സ്ഥാപിച്ചു. സ്വന്തമായി കറന്‍സിയും നാണയങ്ങളും പുറത്തിറക്കി. സ്വന്തമായി പാസ്‌പോര്‍ട്ട് ഒക്കെയുണ്ട് ഈ രാജ്യത്തിന് എന്നാണ് പറയുന്നത്. 2020 ഡിസംബറില്‍ ടൂറിസ്റ്റുകള്‍ക്കായി മൂന്ന് ദിന വിസ അനുവദിക്കുന്നതായും നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് വേണം കൈലാസത്തിലേക്ക് വിമാനം കയറാന്‍. പുതിയതായി തുടങ്ങിയ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് സര്‍വ്വീസ് ആയ ഗരുഡയിലായിരിക്കും യാത്ര. കൈലാസത്തില്‍ എത്തിയാല്‍ 3 ദിവസത്തെ താമസവും ഭക്ഷണവും എല്ലാം നല്‍കുകയും ചെയ്യും. എന്തായാലും കൊവിഡ് വ്യാപനത്തോടെ ഈ ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടു.

ഇതിനിടെ ഓഗസ്റ്റ് 2022 ല്‍ മറ്റൊരു സംഭവവും നടന്നിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവം ആയ നിത്യാനന്ദയ്ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നു. നിത്യാനന്ദയുടെ അടുത്ത അനുയായി അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ഒരു കത്ത് എഴുതുകയുണ്ടായി. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന നിത്യാനന്ദയ്ക്ക് രാഷ്ട്രീയ അഭയം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇത്. 

2010 ല്‍ നടി രഞ്ജിതയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ സണ്‍ ടിവി പുറത്ത് വിട്ടതുമുതല്‍ നിത്യാനന്ദ വിവാദപുരുഷനാണ്. ഇതേ വര്‍ഷം തന്നെ അമേരിക്കന്‍ യുവതി നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗ പരാതി നല്‍കി. 2019 ല്‍ നിത്യാനന്ദയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കേസും വന്നു. തങ്ങളുടെ നാല് മക്കളെ തങ്ങളുടെ അറിവില്ലാതെ നിത്യാനന്ദയുടെ ബെംഗളൂരുവിലെ ആശ്രമത്തില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലേക്ക് മാറ്റിയെന്നും കുട്ടികളെ വിട്ടുതരുന്നില്ലെന്നും കാണിച്ചായിരുന്നു പരാതി. എന്തായാലും 2019 ല്‍ നിത്യാനന്ദ ഇന്ത്യ വിട്ടു എന്നാണ് പുറത്ത് വരുന്ന വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News