ആധാര്‍ കാണിച്ചില്ല; വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ ആശുപത്രിയില്‍ മരിച്ചു

    

Last Updated : Dec 30, 2017, 12:56 PM IST
ആധാര്‍ കാണിച്ചില്ല; വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ ആശുപത്രിയില്‍ മരിച്ചു

സോനിപത്: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍റെ ഭാര്യ ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചു.  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചത് ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചതു കൊണ്ടാണെന്ന് അവരുടെ മകന് പറഞ്ഞു‍. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം.  

ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്നാണ് അമ്മയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് മകന്‍ പവന്‍ കുമാര്‍ ആരോപിച്ചു.  ഗുരുതരാവസ്ഥയിലാണ് താന്‍ അമ്മയെയും കൊണ്ട് ആശുപത്രിയിലെത്തിയതെന്ന് പവന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന ആധാറിന്‍റെ പകര്‍പ്പ് കാണിച്ചു. ചികിത്സ ആരംഭിച്ചോളൂ ഒരു മണിക്കൂറിനുള്ളില്‍  താന്‍ ആധാര്‍ കൊണ്ടുവരാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പവന്‍ കുമാറിന്‍റെ ഈ വാദം തള്ളികൊണ്ട് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. രേഖകള്‍ തയ്യാറാക്കുന്നതിന് മാത്രമാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്നും അല്ലാതെ ചികിത്സയ്ക്കല്ലെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.പവന്‍ കുമാര്‍ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും ഇതേവരെ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

 

 

Trending News