തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതലുകളെടുക്കണം. മലിനമായ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളിൽ കുളിക്കുന്നവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ അനുസരിച്ചായിരിക്കും ചികിത്സ. അവബോധം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
വയനാട് ഉരുൾപൊട്ടൽ, അമീബിക്ക് മസ്തിഷ്ക ജ്വരം എന്നിവയുടെ സാഹചര്യത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്.
ALSO READ: ദുരന്ത രാത്രിക്ക് ശേഷം ഒരാഴ്ച്ച, ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി, മരണസംഖ്യ 400 കടന്നു
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.
ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.
എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കേണ്ടതാണ്. സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. ഡെങ്കിപ്പനി കേസുകളിൽ കുറവ് വന്നിട്ടുള്ളതായി യോഗം വിലയിരുത്തി. ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.