തൃശൂര്‍: കേരളത്തില്‍ ടിടിഇമാര്‍ തുടരെ ആക്രമിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ടിടിഇ വിനോദ് കുമാറിനെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഇതാ വീണ്ടും ടിടിഇ ആക്രമിക്കപ്പെട്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസിലാണ് സംഭവം. ടിടിഇയുടെ കണ്ണിന് സമീപം മാന്തിയ ഭിക്ഷക്കാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ടിടിഇ ജയ്‌സണ്‍ തോമസ് എന്നയാള്‍ക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. യാത്രക്കാരോടും കച്ചവടക്കാരോടും പ്രശ്‌നമുണ്ടാക്കിയ ഭിക്ഷക്കാരന്‍ ടിക്കറ്റില്ലാതെയാണ് ട്രെയിനില്‍ കയറിയത്. തുടര്‍ന്ന് ടിടിഇ എത്തി ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് ഇല്ലെന്ന് മനസിലാക്കിയതോടെ ഇയാളോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ടിടിഇയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
ALSO READ: ലോക്സഭ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് വെക്കാൻ യുഡിഎഫ്
ആദ്യം തന്നെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീടാണ് മുഖത്ത് മാന്തിയതെന്നും ടിടിഇ ജയ്‌സണ്‍ തോമസ് പറഞ്ഞു. ആക്രമണത്തിന് ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നാണ് ഇയാള്‍ ചാടി രക്ഷപ്പെട്ടത്. തുടര്‍ന്ന് ഗാര്‍ഡ് റൂമിലെത്തിയ ടിടിഇ പ്രാഥമിക ചികിത്സ തേടി. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ തള്ളിയിട്ട കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്നേയാണ് വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇതാദ്യമായല്ല സംസ്ഥാനത്ത് ടിടിഇമാര്‍ ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ടിടിഇമാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്ത് ടിടിഇമാര്‍ ആക്രമിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19ന് കോഴിക്കോട് വെച്ച് വനിതാ ടിടിഇ ആക്രമിക്കപ്പെട്ടിരുന്നു. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയായിരുന്നു യാത്രക്കാരന്റെ ആക്രമണം. മംഗലാപുരം - ചെന്നൈ എക്‌സ്പ്രസില്‍ വെച്ച് വയോധികനായ യാത്രക്കാരന്‍ വനിതാ ടിടിഇയുടെ മുഖത്ത് അടിക്കുകയായിരുന്നു. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. യാത്രക്കാര്‍ ഇടപെട്ട് ഇയാളെ തടഞ്ഞെങ്കിലും കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികന്‍ ടിടിഇയുടെ മുഖത്ത് അടിച്ചു.
തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 20നും ടിടിഇയ്ക്ക് നേരെ ആക്രമണമുണ്ടായി. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ ടിടിഇ ഋഷി ശശീന്ദ്രനാഥിന് നേരെയാണ് യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. കൊല്ലം സ്വദേശി ബിജു കുമാര്‍ കത്തി വീശിയാണ് ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ടിടിഇയുടെ കഴുത്തിന് പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.