പാലക്കാട്: കോൺഗ്രസിൽ (Congress) പിളർപ്പുകൾ പുതിയതല്ല. ഗ്രൂപ്പ് വഴക്കുകളും തമ്മിൽ തല്ലും ഒരുപാട് കണ്ട പാർട്ടി. ഗ്രൂപ്പുകളില്ലാതാക്കാൻ പുതിയ നേതാക്കൾ എത്തിയപ്പോൾ ഐക്യ ജനാധിപത്യം പേരിൽ മാത്രമാകില്ലെന്ന് പ്രതീക്ഷിച്ചവരെ അമ്പരപ്പിക്കുന്നതാണ് കോൺഗ്രസിലെ പുതിയ സംഭവ വികാസങ്ങൾ. നേതാക്കളിൽ നിന്നുള്ള പിളർപ്പുകൾ വേരുകളിലേക്കും പടരുകയാണ്. കോൺഗ്രസ് പാർട്ടിയുടെ പതനം നേതാക്കൾ തന്നെ പൂർത്തിയാക്കുമെന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പാലക്കാട്ടെ കോൺഗ്രസിന്റെ മുഖമായിരുന്ന എവി ഗോപിനാഥിന്റെ (AV Gopinath) രാജിയിലൂടെ കേരളത്തിലെ കോൺഗ്രസിന്റെ പതനം പാലക്കാട്ട് നിന്നാണോ ആരംഭിക്കുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അഞ്ച് പതിറ്റാണ്ട് കാലത്തെ കോൺഗ്രസിലെ പ്രവർത്തനം അവസാനിപ്പിച്ച് എവി ഗോപിനാഥ് രാജി വച്ചൊഴിയുമ്പോൾ പാലക്കാട് കോൺഗ്രസിന് ആഴത്തിൽ വേരുകളുണ്ടാക്കിയ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമാകുന്നത്. ജില്ലാ നേതൃത്വവുമായി കുറേകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉമ്മൻചാണ്ടിയുടെ ഉറപ്പിലാണ് വീണ്ടും രമ്യതയിലേക്ക് നീങ്ങിയത്. എന്നാൽ എവി ഗോപിനാഥിനെ തള്ളി സംസ്ഥാന നേതൃത്വം ഡിസിസി അധ്യക്ഷ (DCC President) സ്ഥാനം എ തങ്കപ്പനാണ് നൽകിയത്. ഇതിനെ തുടർന്നാണ് ഗോപിനാഥിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും ആലത്തൂർ മുൻ എംഎൽഎയുമായിരുന്നു എവി ഗോപിനാഥ്. പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. മുൻ ഡിസിസി അധ്യക്ഷനുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സീറ്റ് സംബന്ധിച്ച തർക്കങ്ങളെ തുടർന്ന് നേതൃത്വവുമായി പരസ്യമായി ഏറ്റുമുട്ടി. പിന്നീട് ചർച്ചകളിലൂടെ രമ്യതയിലെത്തിയെങ്കിലും പുതിയ ഡിസിസി പട്ടികയിലും തഴഞ്ഞതോടെ പൊട്ടിത്തെറിയിലേക്കെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...