തിരുവനന്തപുരം: അപൂർവ്വ രോഗമായ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുയെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. 2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിക്ക് ഇതേ രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും ഈരോഗം റിപ്പോർട്ട് ചെയ്തിരുന്നു. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. കേരളത്തില്‍ ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.
പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു മന്ത്രി അറിയിച്ചു.
ALSO READ : എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു.
മരണമടഞ്ഞ 15 വയസുള്ള പാണാവള്ളി സ്വദേശിയ്ക്കാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഇപ്പോള്‍ സ്ഥിരീകരിച്ചത്. കുട്ടിക്ക് 29/06/2023നാണ് പനി ആരംഭിച്ചത്. 01/07/2023ന് തലവേദന ഛര്‍ദി, കാഴ്ചമങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുറവൂര്‍ താലൂക് ആശുപത്രിയില്‍ ചികിത്സ തേടുകയും, പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റു അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടര്‍ന്നു എന്‍ഫലൈറ്റിസ് സംശയിക്കുകയും മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയും ചെയ്തു. വീടിനു സമീപമുള്ള കുളങ്ങളില്‍ കുളിച്ചതായി മനസിലാക്കുന്നു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും, വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം കുട്ടിയെ പരിശോധിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു. 06/07/2023ന് രാത്രിയില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും മരണപ്പെടുകയും ചെയ്തുയെന്ന് വീണ ജോർജ് വ്യക്തമാക്കി
രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്ത ഡോക്ടര്‍മാര്‍ പ്രൈമറി അമീബിക് എന്‍സഫലൈറ്റിസ് എന്ന രോഗാവസ്ഥ ആകാം കുട്ടിക്ക് എന്ന് സംശയിക്കുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്നു വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിള്‍ JIPMER-ലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചയുടൻ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ആരംഭിച്ചു. 03/07/2023 മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്തു. ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ ടീം പ്രദേശത്ത് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രദേശവാസികള്‍ക്കു ബോധവത്കരണ ക്ലാസ് നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...