CM Pinarayi Vijayan: കേന്ദ്ര ബജറ്റ്, അവഗണനയുടെ രാഷ്ട്രീയ രേഖ; കേരളത്തിന്റെ ആവശ്യങ്ങളെയാകെ നിരാകരിച്ചുവെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്രബജറ്റന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Written by - Zee Malayalam News Desk | Last Updated : Feb 1, 2025, 09:59 PM IST
  • 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്.
  • വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്.
  • പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല.
CM Pinarayi Vijayan: കേന്ദ്ര ബജറ്റ്, അവഗണനയുടെ രാഷ്ട്രീയ രേഖ; കേരളത്തിന്റെ ആവശ്യങ്ങളെയാകെ നിരാകരിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല. 

Also read: Wayanad Landslide Victims: ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് മാസങ്ങളായി, മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ? ബജറ്റിനെതിരെ വയനാട് ദുരന്തബാധിതർ

കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കും. ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക-കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല.

കാര്‍ഷിക-വ്യവസായ രംഗങ്ങള്‍ക്ക് വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാശ്വാസകരമായിരുന്നു. അതിനുപോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല. 

പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News