തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെ സംസ്ഥാനത്തിന് സ്വന്തം ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നത്. ജില്ലാ സഹകരണബാങ്കുകളെ കേരള സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചാണ് പുതിയ ബാങ്ക് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിസര്‍വ് ബാങ്ക് ചില നിബന്ധനകളോടെയാണ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി റിസര്‍വ് ബാങ്ക് അംഗീരിച്ചതോടെയാണ് അവസാന കടമ്പയും സര്‍ക്കാര്‍ കടന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് സംബന്ധിച്ച ആശങ്ക മാറി.
അതേസമയം, നടപടിക്രമങ്ങള്‍ ഇനിയും ഏറെ ഉള്ളതിനാല്‍ കേരളപ്പിറവി ദിനത്തില്‍ ബാങ്ക് നിലവില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഹൈക്കോടതിയിലുള്ള കേസിനെ ആശ്രയിച്ചായിരിക്കും നടപടി. എന്തായാലും, കേരള സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി തലയുയര്‍ത്തി കേരള ബാങ്ക് നിലകൊള്ളും!!