ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് കേരളത്തിലെ ബിജെപിയും അവരുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അവരുടെ തിരക്കഥയുടെ ഭാഗമായി സ്വപ്ന സുരേഷ് നടത്തിയ വാർത്താ സമ്മേളനത്തിലെ നുണകൾ പൊതു സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ വലത് മാധ്യമങ്ങളെ കൂട്ട് പിടിച്ചു നുണ പ്രചരിപ്പിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി സഭയേയും താറടിച്ചു കളയാം എന്ന വ്യാമോഹത്തിലായിരുന്നു ബിജെപി.
എന്നാൽ അവർ വെയിലത്ത് വെറുതെ കയിലും കുത്തി നടന്നതല്ലാതെ കേരളം കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞുവെന്ന് ഡിവൈഎഫ്ഐ. നിയമസഭാ നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും കേന്ദ്രം തുടലിലിട്ട ഒരു കൂട്ടം ഏജൻസികൾ കേരളത്തിൽ കുറേ മണത്തു നടന്നു. അവരുടെ കയ്യിൽ നിന്ന് കിട്ടിയ നുണക്കഥകളും പ്രതിയുടെ അടുക്കളയിൽ മീൻവെട്ടിക്കൊടുത്ത് സംഘടിപ്പിച്ച തിരക്കഥകളും നിരത്തി പാപ്പരാസി ചാനലുകാർ കുറേ കുരുക്ക് മുറുക്കി. എന്നാൽ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ അസത്യപ്രഘോഷകർക്ക് മറുപടി നൽകിയത് ചരിത്ര ഭൂരിപക്ഷത്തോടെ രണ്ടാം പിണറായി സർക്കാരിനെ വരവേറ്റും സഖാവ് പിണറായി വിജയന് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയുമാണ്.
യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലോ സ്വർണം ആർക്കു വേണ്ടി കടത്തി എന്നതിന് ഉത്തരം പറയുന്നതിനോ കാൽ ഡസൻ കേന്ദ്രഏജൻസികൾ പരാജയപ്പെട്ടു. അല്ലെങ്കിൽ ബിജെപി ചാനൽ മേധാവി ഉൾപ്പെടെ സ്വർണ്ണ കടത്തു കേസിൽ ആരോപണവിധേയരായ സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ കേന്ദ്രം കേസന്വേഷണം അട്ടിമറിച്ചു. ആട് കിടന്നിടത്ത് പിന്നെ പൂട പോലുമില്ലാതെ അന്ന് ആവിയായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ആരോപണവുമായി സ്വപ്ന സുരേഷ് വരുന്നത് ബിജെപിയുമായി അവർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്. സ്വർണ്ണക്കടത്ത് കേസിനു ശേഷം തനിക്ക് ജോലി നൽകിയതും ചേർത്ത് പിടിച്ചു സഹായിച്ചതും ബിജെപി അനുകൂല NGO സ്ഥാപനമാണെന്ന് സ്വപ്ന സുരേഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തിയതിന് തൊട്ടു പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉപയോഗിച്ച് നനഞ്ഞ പടക്കത്തിന് തീ കൊടുക്കാൻ വെറുതെ ശ്രമിക്കുന്നത്. വിവരമില്ലാത്ത ഏതോ വടക്കു നോക്കി സംഘിയുടെ തലയിലല്ലാതെ ബിരിയാണിച്ചെമ്പിൽ മുഖ്യമന്ത്രി സ്വർണ്ണം കടത്തി എന്ന വികലഭാവന വിരിയില്ലെന്നും ഡിവൈഎഫ്ഐ കൂട്ടിചേർത്തു.
സ്വർണ്ണ കടത്ത് കേസിൽ ആദ്യം തന്നെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചത് കേരള സർക്കാരാണ്. കേന്ദ്ര ഏജൻസികൾ സംസ്ഥാന പ്രതിപക്ഷത്തിന്റെ നിർലോഭമായ ഗ്രൗണ്ട് സപ്പോർട്ടോടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി കേരളം മുഴുവൻ മണത്തു നടന്നിട്ടും മുഖ്യമന്ത്രിയേയൊ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികളെയൊ പ്രതിയാക്കാൻ കഴിഞ്ഞില്ല. ഒരിക്കൽ പൊളിഞ്ഞ അതേ തിരക്കഥയിൽ വീണ്ടും പടമിറക്കി മുഖ്യമന്ത്രിയേയും സർക്കാരിനേയും നിഴലിൽ നിർത്താമെന്നും ജനപക്ഷ സർക്കാരിന്റെ വികസന പദ്ധതികൾ തകർക്കാമെന്നുമുള്ള വ്യാമോഹം ഇവിടെ വേവില്ല. ചീറ്റി പോയ ഒരു തിരക്കഥയുടെ രണ്ടാം ഭാഗത്തിന്റെ ക്വട്ടേഷനുമായുള്ള സ്വപ്ന സുരേഷിന്റെ വാർത്താ സമ്മേളനം പൊതു സമൂഹം അർഹിക്കുന്ന അവജ്ഞതയോടെ തള്ളി കളയുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...