കൊല്ലം: കൊല്ലം അച്ചന്‍കോവിലില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടി കൊന്നു. ചെമ്പരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അടുത്ത ദിവങ്ങളില്‍ തുണിക്കെട്ടുമായി മാനസികാസ്വാസ്ഥ്യമുള്ള ഒരാള്‍ ഇതുവഴി കടന്നുപോകുന്നതായി പ്രദേശവാസികൾ പറയുന്നു. ഇയാളാകാം കാട്ടാനയുടെ ആക്രമണത്തിനിരായായതെന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ കുറച്ചു ദിവങ്ങളായി അച്ചന്‍കോവില്‍ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയില്‍ അടക്കം പകല്‍ സമയങ്ങളില്‍ പോലും കാട്ടാന ഇറങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ നാട്ടുകാര്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ്. മരിച്ച ആളെ തിരിച്ചറിയുന്നതടക്കമുള്ള നടപടികള്‍ അച്ചന്‍കോവില്‍ പോലീസ് ആരംഭിച്ചു. വനം വകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
തൃശൂർ പാലപ്പിള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം; റബർ തോട്ടത്തിലിറങ്ങിയത് ഇരുപത്തഞ്ചോളം കാട്ടാനകൾ
തൃശൂർ: തൃശൂർ പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇരുപത്തഞ്ചോളം കാട്ടാനകളാണ് റബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. റബർ തോട്ടത്തിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ ആയിട്ടില്ല. ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങൾ പോകേണ്ട എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതെന്നും കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ തുടർച്ചയായി കാട്ടാന കൂട്ടം ഇറങ്ങുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. വലിയ ഭീതിയിലാണ് തങ്ങൾ കഴിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചിമ്മിനി ഡാമിനോട് ചേർന്ന ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് പതിവാണ്.
ALSO READ: തെന്മലഡാം പരിസരത്ത് അറുപതോളം നീർനായകൾ; യുവതിക്ക് കടിയേറ്റു
രാത്രിയോടെ കാട്ടാന ഇറങ്ങും പുലർച്ചെ തിരികെ കാട്ടിലേക്ക് പോകുകയുമാണ് പതിവ്. എന്നാൽ, ഇന്ന് പുലർച്ചെ ടാപ്പിങ്ങിനായി റബർ തോട്ടത്തിലേക്ക് എത്തിയ തൊഴിലാളികൾ കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു. മുമ്പും പാലപ്പിള്ളിയിൽ വലിയ കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്. നാൽപ്പതിലേറെ വരുന്ന കാട്ടാനക്കൂട്ടം ആണ് മുൻപ് റബർ തോട്ടത്തിൽ ഇറങ്ങിയത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലയാണ് പാലപ്പിള്ളി.
പാലപ്പിള്ളി മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവ് സംഭവമാണ്. കഴിഞ്ഞ മാസമിറങ്ങിയ 40 ഓളം കാട്ടാനകള്‍ പ്രദേശത്തെ കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിച്ചിരുന്നു. തോട്ടം മേഖലയ്ക്ക് സമീപമാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എത്തിയ ആനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴിയ്ക്കാണ് ടാപ്പിങ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ആനകളെ തുരത്തുന്നത് ശ്രമകരമായ കാര്യമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പടക്കം പൊട്ടിക്കൽ പോലുള്ള സാധാരണ നടപടികൾ എല്ലാം നടത്തുന്നുണ്ടെങ്കിലും അല്പം ഓടിയ ശേഷം ആനകൾ ഇറങ്ങിവരുകയാണെന്ന് അധികൃതർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...