തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയത് UAE കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണം എത്തിയത്....!!
പ്രതി സരിത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, സ്വര്‍ണ കള്ളക്കടത്തുമായി തനിക്കോ UAE കോണ്‍സുലേറ്റിനോ ബന്ധമില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറഞ്ഞു. കൂടാതെ, നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴിനല്‍കി.
സരിത്തിന്‍റെ ഇടപാടുകള്‍ പലതും നിയമവിരുദ്ധമാണെന്നും കാര്‍ഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത പണമിടപാടിലും ദുരൂഹതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കാര്‍ഗോ ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണ്. ബുക്കിംഗ് നടത്തിയത് മറ്റൊരാള്‍ ആണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പി.ആര്‍.ഒയും കേസിലെ ഒന്നാംപ്രതിയുമായ സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.
UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്നാണ് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ മുന്‍ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.
യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ലൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്.
തിരുവനന്തപുരത്തെ സ്വർണവേട്ടയെ കുറിച്ച് അറിയില്ലെന്ന് UAE കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചു. ഭക്ഷണ സാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.