കോട്ടയം: ഇന്ത്യയുടെ ചന്ദ്രയാൻ 3 മിഷൻ വിജയകരമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റഷ്യയുടെ ലൂണ താഴെ വീണു. റോക്കറ്റുകൾ വിക്ഷേപിക്കുമ്പോഴും അത് ശാസ്ത്രജ്ഞൻമാർ ചെയ്യുമ്പോഴും വിഘ്‌നേശ്വരന് ഗണപതി ഹോമം കഴിച്ചും നാളികേരം ഉടച്ചുമാണ് നല്ല കാര്യങ്ങൾ ചെയ്യാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മിത്ത് വിവാദത്തിൽ സ്പീക്കർ വിവാദ പരാമർശം നടത്തിയ രണ്ടാഴ്ച കഴിഞ്ഞിട്ടും സ്പീക്കർ എ.എൻ ഷംസീറിനെ തിരുത്താൻ സിപിഎം തയ്യാറായില്ലെന്ന് കെ.സുരേന്ദ്രൻ വിമർശിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസും മൗനം പാലിക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും സിപിഎമ്മിനെ കൊണ്ട് തിരുത്തിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ: തുമ്പയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 26കാരന്‍ പിടിയില്‍
ഷംസീർ തിരുത്തണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നത് എങ്ങനെ ആളിക്കത്തിക്കലാകുമെന്ന് സുരേന്ദ്രൻ ചോദിച്ചു. ഭഗവാൻ വിഘ്‌നേശ്വരൻ, കോടാനുകോടി വരുന്ന ഹിന്ദു സമൂഹത്തിന്റെ എല്ലാമെല്ലാമായിട്ടുള്ള വിഘ്‌നേശ്വരൻ വെറുമൊരു മിത്താണെന്നും അന്ധവിശ്വാസമാണെന്നും അനാചാരമാണെന്നും ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ, നിയമസഭാ സ്പീക്കറായിരിക്കുന്നൊരാൾ പറഞ്ഞിട്ട് ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. അദ്ദേഹത്തെ തിരുത്താൻ പാർട്ടി തയ്യാറായില്ലെന്നും തിരുത്തണമെന്ന് പറയാൻ കോൺഗ്രസും തയ്യാറായില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
എൻഎസ്എസിന്റെ പിന്തുണ പതിവായി ലഭിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് പറയുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എന്നാൽ അത് വെറും അവകാശവാദം മാത്രമാണ്. മിത്ത് വിവാദത്തിൽ മാപ്പ് പറയണമെന്ന നിലപാടിൽ എൻഎസ്എസ് ഉറച്ച് നിന്നപ്പോൾ സുകുമാരൻ നായരുടെ പ്രസ്താവനയും നിലപാടും മുഖവിലയ്ക്ക് എടുക്കാൻ കെ.സുധാകരനും വി.ഡി സതീശനും മുഖവിലയ്ക്ക് എടുത്തില്ല. വിഷയത്തിലെ കോൺഗ്രസിന്റെ നിലപാട് എന്തൊരു വിചിത്രമായ മതനിരപേക്ഷതയാണെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.
പള്ളിയിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് സിപിഎം തിരുത്തിച്ചെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 'പള്ളിക്കകത്താണ് ബാങ്ക് വിളിക്കുന്നത്, പുറത്ത് ബാങ്ക് വിളിക്കുന്നില്ല' എന്ന ഒട്ടും ആക്ഷേപകരമല്ലാത്തതും നിരുപദ്രവകാരിയായതും മതനിന്ദയില്ലാത്തതും ഈശ്വരനിന്ദയില്ലാത്തതുമായ സജി ചെറിയാന്റെ പ്രസ്താവന വെറും 16 മണിക്കൂർ കൊണ്ട് പിണറായി വിജയനും എം.വി ഗോവിന്ദനും തിരുത്തിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...