തിരുവനന്തപുരം/തൃശൂർ: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ 6 മരണം. പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പന്തലക്കോട് അരുവിക്കരക്കേണം വിദ്യാഭവനിൽ ദിലീപ് (40), ഭാര്യ നീതു(26) എന്നിവരാണ് മരിച്ചത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22), കാട്ടായിക്കോണം സ്വദേശി അമൽ (അമ്പോറ്റി 22) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലുള്ള ഇരുവരും വെന്റിലേറ്ററിലാണ്.
ഇന്നലെ രാത്രി ഒൻപതോടെ പോത്തൻകോട് ഭാഗത്തുനിന്നും പൗഡിക്കോണം ഭാഗത്തേക്കുവരികയായിരുന്ന ഡ്യൂക്ക് ബൈക്കും എതിർ ദിശയിൽ ദമ്പതികൾ എത്തിയ ഹോണ്ട ഷൈൻ ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഡ്യൂക്ക് ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ യുവതി മതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീട്ടിന്റെ ചുമരിലിടിച്ച് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.
കെനിയയിൽ സേഫ്റ്റി ഓഫീസറായ ദിലീപ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. അഞ്ചുവർഷത്തോളമായി കല്യാണം കഴിഞ്ഞിട്ട്. പൗഡിക്കോണത്തിന് സമീപം നെല്ലിക്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന നീതുവിന്റെ മാതാപിതാക്കളെ കണ്ട് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ഗോപാലകൃഷ്ണൻ നായരുടെയും പരേതയായ ഓമനയുടെയും മകനാണ് ദിലീപ്. രാമചന്ദ്രൻ നായരും സുനിമോളുമാണ് നീതുവിന്റെ മാതാപിതാക്കൾ.
തൃശൂര്‍ ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ പോട്ട നാടുകുന്ന് വെച്ചാണ് അപകടം സംഭവിച്ചത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ ഒത്തുചേരലിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കൊടകര ഭാഗത്തേക്കാണ് ഇവർ സഞ്ചരിച്ചത്. റോഡരികിലെ മൈൽകുറ്റിയിലിടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കൽപ്പറ്റയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കേണിച്ചിറ നെല്ലിക്കര വെളുക്കൻ ഉന്നതിയിലെ നന്ദു (25) എന്ന യുവാവാണ് ആണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ ഇരുളം മൂന്നാനക്കുഴി റൂട്ടിൽ ചുണ്ടകൊല്ലി വളവിലാണ് അപകടമുണ്ടായത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന മനോജ് എന്ന യുവാവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കോഴിക്കോട് വടകരയിൽ ബസ് ഇടിച്ച് ഒരു സ്ത്രീ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശികളായ കാൽനടയാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. വടകര ലിങ്ക് റോഡിൽ രാവിലെ 7 മണിയോടെയായിരുന്നു അപകടമുണ്ടായത്. വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇരുവരെയും ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.