കണ്ണൂർ വിമാനത്താവള ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസിൽ മാണി. സി കാപ്പൻ എം. എൽ എ ക്ക് ഹൈക്കോടതിയിൽ തിരിച്ചടി. മുംബൈ വ്യവസായി ദിനേശ് മേനോൻ കീഴ് കോടതിയിൽ നൽകിയ വഞ്ചനാ കേസ് നടപടികൾക്കെതിരെ മാണി. സി കാപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത്, മൂന്നേകാൽ കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് മുംബൈ വ്യവസായി മാണി സി. കാപ്പനെതിരെ പരാതി നൽകിയത്.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഷെയർ വാങ്ങാനായി 2010 ൽ മുംബൈ വ്യവസായി ദിനേശ് മേനോൻ രണ്ടുകോടി രൂപ മാണി സി കാപ്പനെ ഏൽപ്പിച്ചു. എന്നാൽ ഓഹരി നൽകിയില്ല. തുടർന്ന് ദിനേശ് മേനോൻ സിബിഐ യിൽ പരാതി കൊടുത്തു. സിബിഐ മാണി സി കാപ്പന്റെ മൊഴി എടുത്തു. പിന്നീട് 2013 ൽ 3.25 കോടി തിരികെ നൽകാമെന്ന് സമ്മതിച്ച് ഇരുവരും ഒത്തു തീർപ്പ് കരാറിലെത്തി. എന്നാൽ കരാറുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ നൽകിയ നാലു ചെക്കും മടങ്ങി. ഈ ചെക്ക് കേസ് മുംബൈ ബോർവിലി കോടതിയുടെ പരിഗണനയിലാണ്.
ചെക്കിനൊപ്പം ഈടായി മാണി സി. കാപ്പൻ നൽകിയ വസ്തു, കോട്ടയം കാർഷിക കോപ്പേററ്റീവ് ബാങ്കിൽ വായ്പാ കുടിശികയുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനിൽ മാണി സി കാപ്പൻ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് വസ്തുവിന് വായ്പ ഉള്ളതായി രേഖപ്പെടുത്തിയിരുന്നത്. ദിനേശ് മേനോനുമായി കരാർ ഉടമ്പടിയിൽ ഏർപ്പെടുന്ന സമയം തന്നെ ഈ വസ്തുവിൽ വലിയ കുടിശ്ശിക ഉണ്ടായിരുന്നു എന്നും ബോധ്യമായി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ വ്യവസായി കൊച്ചി മരട് കോടതിയിൽ വഞ്ചനാ കേസ് കൊടുത്തു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുന്നത്.
ഈ കേസ് തളളിക്കളയണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പൻ കൊടുത്ത കേസാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ഹൈക്കോടതിയിൽ മാണി സി കാപ്പനായി അഡ്വ. ദീപു തങ്കനും ദിനേശ് മേനോനു വേണ്ടി അഡ്വ. വി. സേതുനാഥും ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...