നടി മഞ്ജു വാര്യരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പോലീസ് കേസെടുത്തു. പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നുമാണ് മഞ്ജവിന്റെ പരാതി. കൊച്ചി എളമക്കര പോലീസാണ് സനൽകുമാറിനെതിരെ കേസെടുത്തത്.
തുടർച്ചയായി സമൂഹമാദ്ധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നൽകിയ മൊഴിയിൽ പറയുന്നു. കുറെകാലമായി തുടർന്നിരുന്ന ശല്യം പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് താൻ പരാതിപ്പെട്ടതെന്നും മഞ്ജു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
മഞ്ജു വാര്യരുടെ ജീവൻ തുലാസിൽ ആണെന്നും അവർ തടവറയിലാണെന്നും സൂചിപിച്ച് കൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവെച്ച പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും, സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചിലരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...