ദുബായ്: ഏകദിന ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14000 റൺസ് പൂർത്തിയാക്കിയ താരം എന്ന റെക്കോർഡാണ് വിരാട് സ്വന്തം പേരിലാക്കിയത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെയും ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാരയെയുമാണ് വിരാട് കോഹ്ലി പിന്നിലാക്കിയത്.
287 ഇന്നിങ്സിൽ നിന്നാണ് വിരാട് കോഹ്ലി 14000 റൺസ് സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കർ 350 ഇന്നിങ്സിൽ നിന്നും സംഗക്കാര 378 ഇന്നിങ്സിൽ നിന്നുമാണ് 14000 റൺസ് കടന്നത്. 13985 റൺസുമായാണ് പാകിസ്ഥാനെതിരായ ഏകദിനത്തിൽ കോഹ്ലി ബാറ്റിങ്ങിനിറങ്ങിയത്. ഹാരിസ് റൗഫിൻ്റെ പന്തിൽ ഒരു സ്റ്റൈലിഷ് ബൗണ്ടറിയിലൂടെയാണ് കോഹ്ലി 14000 റൺസ് എന്ന നാഴികക്കല്ലിലേക്ക് എത്തിയത്. ഏകദിന കരിയറിൽ 50 സെഞ്ച്വറികളും 73 അർധ സെഞ്ച്വറികളും 36കാരനായ വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും വേഗത്തിൽ 8000, 9000, 10000, 11000, 12000, 13000 റൺസ് എന്നിവ നേടിയതും വിരാട് കോഹ്ലി തന്നെയായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് വിരാട് കോഹ്ലി നേരിട്ടുകൊണ്ടിരുന്നത്. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളിലെ മോശം പ്രകടനമായിരുന്നു ഇതിന് കാരണമായത്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ ഇന്നത്തെ മത്സരത്തിൽ നേടിയ അർധ സെഞ്ച്വറി വിരാട് കോഹ്ലിക്കും ആരാധകർക്കും ഏറെ ആശ്വാസം പകരുന്നതാണ്.
പാകിസ്ഥാനെതിരായ മത്സരത്തിൽ ഒരു റെക്കോർഡ് കൂടി വിരാട് കോഹ്ലി സ്വന്തമാക്കി. ഇന്ത്യൻ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 25 വർഷം പഴക്കമുള്ള റെക്കോർഡാണ് കോഹ്ലി ഇന്ന് തകർത്തത്. ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന ഫീൽഡർ എന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. 157 ക്യാച്ചുകളാണ് കോഹ്ലി ഏകദിനത്തിൽ എടുത്തിട്ടുള്ളത്. 47ാം ഓവറിൽ കുൽദീപിൻ്റെ പന്തിൽ നസീം ഷാ അടിച്ച ഷോട്ടിൽ ക്യാച്ചെടുത്താണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.