കാട്ടാക്കട: നെയ്യാർ ജലാശയത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ മേൽനോട്ടത്തിൽ നടത്തിയിരുന്ന ബോട്ട് സവാരി നിലച്ചു. ജലാശയത്തിൽ സവാരി നടത്തിയിരുന്ന ഏക ബോട്ട് എൻജിൻ തകരാർ കാരണം സവാരി അവസാനിപ്പിച്ചു. ബോട്ട് കേടായതോടെ സവാരി നടത്തിയിരുന്ന കേന്ദ്രം അനിശ്ചിതകാലത്തേക്ക് പൂട്ടി. അമരാവതി എന്ന രണ്ട് എൻജിനുകളുള്ള ബോട്ടിൻ്റെ ബാക്കിയായ എൻജിനാണ് കഴിഞ്ഞദിവസം തകരാറിലായത്.
അഞ്ചു ബോട്ടുകളാണ് നെയ്യാർഡാം ഡിടിപിസിയുടെതായി ജലാശയത്തിൽ മുമ്പ് ഓടിയിരുന്നത്. തുടർന്ന്, ഓരോ ബോട്ടുകളിലും അറ്റകുറ്റപ്പണി പതിവായതോടെ ഷെഡ്ഡിൽ ഒതുക്കുകയായിരുന്നു. ഒരു വർഷം മുൻപ് മുങ്ങിപ്പോയ സ്പീഡ് ബോട്ട് എൻജിൻ ഉൾപ്പെടെ സർവീസിനായി കൊണ്ടു പോയിട്ട് ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല. ഇതാണ് ബോട്ട് സവാരി നിലയ്ക്കാൻ പ്രധാന കാരണം.
നെയ്യാർഡാമിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ജലാശയത്തിലൂടെയുള്ള അതിമനോഹരമായ ബോട്ട് സവാരി. പുതിയ അധികാരികൾ എത്തുമ്പോൾ പുതിയ ബോട്ടുകൾ വാങ്ങും. കേടാകുമ്പോൾ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തും.
ഇങ്ങനെ എത്തുന്ന ബോട്ട് വീണ്ടും രണ്ടാഴ്ചയോ പരമാവധി ഒരു മാസമോ ഓടും. വീണ്ടും കേടാകുന്നതോടെ സ്ഥിരമായി കട്ടപ്പുറത്താക്കുന്നതാണ് പതിവ്. ജില്ലാ കളക്ടറാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ചെയർപേഴ്സൺ. സെക്രട്ടറി സർക്കാർ നോമിനിയും. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഉൾപ്പെടെ ആരും തന്നെ ഇതിൽ തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...