ഗവി മേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ല: കളക്ടര്‍

ആദിവാസി കുടിലുകളില്‍ പനി പടരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

Last Updated : Feb 22, 2018, 07:00 PM IST
ഗവി മേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ല: കളക്ടര്‍

പത്തനംതിട്ട: ഗവി-മൂഴിയാര്‍ വനമേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ലെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ. ഈ മേഖലയിലെ ആദിവാസി കുടിലുകളില്‍ പനി പടരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

ഗവിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കേസ് ഷീറ്റ് പരിശോധിച്ചതില്‍ നിന്നും ഈ മാസം ഇതുവരെ പനി ബാധിച്ച് അഞ്ച് പേര്‍ മാത്രമേ കുത്തിവയ്പ് എടുത്തിട്ടുള്ളുവെന്ന് കളക്ടര്‍ വ്യക്തമാക്കി.  ഒരു ദിവസം ശരാശരി രണ്ട്-മൂന്ന് പേര്‍ മാത്രമാണ് പനിക്ക് ചികിത്സ തേടി ഇവിടെ എത്തുന്നത്. സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ എല്ലാ വെള്ളിയാഴ്ചയും ഗവിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നുണ്ട്. അല്ലാത്ത ദിവസങ്ങളില്‍ നഴ്സിന്‍റെ സേവനം ഇവിടെ ലഭ്യമാണെന്നും കളക്ടര്‍ അറിയിച്ചു. 

മൂഴിയാര്‍ വനമേഖലയിലെ ആദിവാസികളെയും കളക്ടര്‍ നേരില്‍ കണ്ടു. ഡോക്ടര്‍ കൃത്യമായി വരുന്നുണ്ടെന്നും മതിയായ ചികിത്സയും മരുന്നും ലഭിക്കുന്നുണ്ടെന്നും മൂഴിയാര്‍ വനമേഖലയിലെ ആദിവാസികള്‍ പറഞ്ഞതായി കളക്ടര്‍ വ്യക്തമാക്കി. ഗവിയിലെ അങ്കണവാടികളും കളക്ടര്‍ സന്ദര്‍ശിച്ചു. 

Trending News