കൊച്ചി:ജിഷ വധക്കേസ് കൈകാര്യം ചെയ്തതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. "ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷ വധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. പ്രൊഫഷണൽ രീതിയിലുള്ള അന്വേഷണമല്ല ഈ കേസില്‍ പൊലീസ് നടത്തിയത്" പൊലീസ് പരാതി പരിഹാര സെല്‍ ചെയര്‍മാനായ ജസ്റ്റിസ് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി.
പോസ്റ്റ്‌മോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിക്കാതെ വിട്ടത് ഗുരുതരമായ പാളിച്ചയാണ്. മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതായി. ഇത്തരം
കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യപ്പെട്ട കാര്യമാണ്. എന്നാല്‍, കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. കൊലപാതകം നടന്ന അഞ്ചാം ദിവസമാണ് വീട്ടിലേക്കുള്ള പ്രവേശത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.
തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്ത് തരം അന്വേഷണമാണ് കേസില്‍ പൊലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പാറശാല പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ സിറ്റിങ് നടത്തുന്നതിനിടെയാണ് ജിഷ വധക്കേസ് അന്വേഷണത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശം നടത്തിയത്.
അതേ സമയം കഴിഞ്ഞ ആഴ്ച്ച പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജിഷയുടെ അമ്മായി ലൈല പത്ര സമ്മേളനം നടത്തിയിരുന്നു പൊലീസും ആരോഗ്യ വകുപ്പും ഒത്തുകളിക്കുകയാണെന്നും ഇവർ ആരോപിക്കുകയുണ്ടായി .ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഡി.എന്‍.എ പരിശോധനാ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരിക്കുകയാണ് അന്വേഷണ സംഘം. ഒരു ബംഗാളി യുവാവിന്റെതടക്കം നാല് പേരുടെ ഉമിനീര്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചതിന്‍െറ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ബംഗാളി യുവാവിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് .