പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല (Sabarimala) നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. ആറ് മണിക്ക് ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിരക്കൽ ചടങ്ങുകൾ നടക്കും.
വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക. പ്രതിദിനം 30,000 പേർക്കാണ് അനുമതി. കാലാവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്‌നാനം അനുവദിക്കില്ല.
സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് നിർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: Sabarimala Makaravilakku : ശബരിമല മണ്ഡല-മകരവിളക്കിന് നവംബര്‍ 16 ന് തുടക്കമാകും
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച് വരികയാണ്. പമ്പയിലും സന്നിധാനത്തും മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കോവിഡിനോടൊപ്പം മഴക്കാലം കൂടിയായതിനാല്‍ തീര്‍ത്ഥാടകരും ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: Sabarimala Makaravilakku : മണ്ഡല - മകരവിളക്ക് : ശബരിമലയിൽ പോലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി
പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ അഞ്ച് സ്ഥലങ്ങളിലായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജമാക്കിവരുന്നു. മലകയറ്റത്തിനിടയില്‍ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതാണ്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെന്‍സറികള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. പമ്പയിലും സന്നിധാനത്തും വെന്റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീമിനേയും സജ്ജമാക്കി. വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ലഭ്യമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...