ഇടുക്കി: സഹപ്രവർത്തകന്റെ സർവീസ് ബുക്ക് 23 വർഷം ഒളിപ്പിച്ചു വെച്ച കേസിൽ വിരമിച്ച രണ്ട് പേർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷൻ. കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന് 24 മണിക്കൂറിനകം സർവീസ് ബുക്ക് കണ്ടെടുത്തിരുന്നു.
ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലാണ് സംഭവം. ഇവിടുത്തെ ഡെപ്യൂട്ടി ജില്ലാ ആരോഗ്യ വിദ്യാഭ്യാസ ഓഫീസറായിരുന്ന ടി.സി. ജയരാജിന്റെ സർവീസ് ബുക്ക് 2000 ൽ എ ജിയുടെ ഓഫീസിലേക്ക് അയച്ചത് തിരിച്ചു കിട്ടിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം അദ്ദേഹത്തിന്റെ വാർഷിക ഇൻക്രിമെൻറ് ഉൾപ്പെടെ ഒരു രേഖയും സർവീസ് ബുക്കിൽ വരുത്തിയില്ല. ആനുകൂല്യങ്ങൾ നൽകിയില്ല. അതിനിടെ ക്യാൻസർ ബാധിച്ച് ജയരാജ് മരിച്ചു. എന്നിട്ടും സർവീസ് ബുക്ക് എടുത്ത് അവസാന രേഖപ്പെടുത്തലുകൾ വരുത്തി ആനുകൂല്യങ്ങൾ നൽകിയില്ല. പെൻഷനും പ്രഖ്യാപിച്ചില്ല.
ALSO READ: അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; കേസെടുത്ത് പോലീസ്; മാപ്പുമായി ഇടത് സംഘടന നേതാവ്
ഇതുസംബന്ധിച്ച് നിലമ്പൂർ അഭിഭാഷകൻ ജോർജ് തോമസ് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോഴും ഒന്നാം അപ്പീൽ നൽകിയപ്പോഴും സർവീസ് ബുക്ക് എ ജിയിൽ നിന്ന് തിരികെ കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കമ്മിഷനെ സമീപിക്കുകയായിരുന്നു. സർവീസ് ബുക്ക് ഡി എം ഒ ഓഫീസിൽ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നൽകിയതിൽ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥർ 25,000 രൂപ പിഴയൊടുക്കാൻ വിവരാവകാശ കമ്മിഷണർ എ എഹക്കിം ഉത്തരവായി.
ഇടുക്കി ഡി എം ഒ ഓഫീസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം.ശിവരാമൻ, എസ്.പ്രസാദ്, സൂപ്രണ്ട് എസ്.ജെ.കവിത,ക്ലാർക്കുമാരായ കെ.ബി.ഗീതുമോൾ, ജെ.രേവതി എന്നിവരാണ് പിഴ ഒടുക്കേണ്ടത്. സെപ്റ്റംബർ അഞ്ചിനകം ഇവർ പിഴ ഒടുക്കുന്നില്ലെങ്കിൽ റിക്കവറി നടത്താനും ഉത്തരവുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...