തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്ത് സിബിഐ. മൂന്ന് ദിവസം മുൻപാണ് തിരുവനന്തപുരത്ത് വച്ച് സിബിഐ സംഘം ഗണേഷിന്റെ മൊഴിയെടുത്തത്. പരാതിക്കാരിയുമായി ഗണേഷ് കുമാറിനുള്ള ബന്ധത്തെ കുറിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചുമായിരുന്നു സിബിഐ ചോദിച്ചറിഞ്ഞത്.
അതേസമയം ഗണേഷ് കുമാറിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലയെയും സംഘം ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാകാൻ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സോളാർപീഡന കേസില്‍ ഹൈബി ഈഡൻ എം പിയെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ വെച്ചാണ് എംപിയെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോളാർ പദ്ധതിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളം രാഷ്ട്രീയ നേതാക്കാളും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് മണ്ഡലത്തിലെ സോളാർ പദ്ധതി ചർച്ച ചെയ്യാൻ ചെന്നപ്പോള്‍ എംഎൽഎ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിച്ചുവെന്നാണ് കേസ്. 2012 ഡിസംബർ ഒമ്പതിന് പീഡിപ്പിച്ചുവെന്നാണ് പരാതി നൽകിയിട്ടുള്ളത്. ഈ മുറിയിൽ വച്ച് പരാതിക്കാരിയുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഹൈബി ഈഡനെ ചോദ്യ ചെയ്തത്. കൊച്ചി സെൻട്രൽ പി.ഡബ്യു.ഡി ഗസ്റ്റ് ഹൗസിൽ വച്ചാണ് മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ ഒരു മണിക്കൂർ നീണ്ടുനിന്നിരുന്നു.
Also Read: ഗുണ്ടകള്‍ക്കെതിരെ നടപടി ശക്തമാക്കും; മയക്കുമരുന്ന് കടത്ത് തടയാനും നടപടി
ഹൈബി ഈഡന്റെ വിശദീകരണം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനാണ് സിബിഐ സംഘത്തിന്റെ തീരുമാനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവരടക്കം സോളാർ കേസിൽ പ്രതികളാണ്. ഉമ്മൻചാണ്ടിക്കെതിരായ കേസിൽ സിബിഐ സംഘം ക്ലിഫ് ഹൗസിലും തെളിവെടുപ്പ് നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...