കൊച്ചി : രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം '777 ചാർലി' യുടെ ഭാഗമായി കൊച്ചിയിൽ 'പെറ്റ് അഡോപ്ഷൻ ഡ്രൈവ്' സംഘടിപ്പിക്കുന്നു . മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കേരളത്തിലും മികച്ച പ്രതികരണങ്ങളിലൂടെ പ്രദർശനം തുടരുകയാണ്. അതിനെ തുടർന്നാണ് ചിത്രത്തിൻറെ കേരളത്തിലെ മാർക്കറ്റിംഗ് ടീം വരുന്ന ഞായറാഴ്ച (26.06.2022) സരിത സവിത സംഗീത തീയേറ്ററിൽ 'ഒരു പെറ്റ് അഡോപ്ഷൻ ഡ്രൈവ്' ഒരുക്കുന്നത്.
തെരുവുനായക്കളെയും അനാഥ നായക്കളെയും സംരക്ഷിക്കുകയും അവർക്കൊരു ഫോസ്റ്റർ പാരന്റിനെ കണ്ടെത്തി കൊടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഒരു ദിവസത്തെ പരിപാടിയാണ് ഇപ്പോൾ സംഘടിപ്പിച്ചിരിക്കുന്ന ഈ പെറ്റ് അഡോപ്ഷൻ ഡ്രൈവ്. നായക്കളുടെ രക്ഷപ്രവർത്തനം ചെയ്യുന്ന ഒരുകൂട്ടം സംഘടനകളും ആൾക്കാരും ഒരുമിച്ച് ചേർന്ന് നടത്തുന്ന ഈ അഡോപ്ഷൻ ഡ്രൈവിൽ അഭയം തേടുന്ന അനേകം അനാഥ നായക്കുട്ടികൾ ഉണ്ടാവും.
ഒരു നായക്കുട്ടിയെ വളർത്തണം അവർക്ക് ഒരു തുണ നൽകണം എന്ന് ആഗ്രഹിക്കുന്ന ആർക്ക് വേണമെങ്കിലും സൗജന്യമായി ഒരു നായക്കുട്ടിയെ ദത്തെടുക്കാം. ഇതേ ആശയം മുന്നോട്ടു വക്കുന്ന സിനിമയാണ് '777 ചാർലി'. അഭയം ഇല്ലാതെ അലഞ്ഞുതിരിയുന്ന ഒരു നായക്കുട്ടിക്ക് തന്റെ ബാക്കിയായ ഭക്ഷണം താൻ പോലുമറിയാതെ നായക്ക് കൊടുത്തതിന്റെ സ്നേഹത്തിൽ തുടങ്ങുന്ന കഥ പിന്നീട് വളരെ ശക്തമായ ആത്മബന്ധത്തിനെയാണ് കാണിച്ചു തരുന്നത്.
"നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർലി കടന്ന് വരും..., നിങ്ങൾ ലക്കി ആണെങ്കിൽ മാത്രം.." എന്ന് സിനിമയിൽ ഒരു വാചകം ഉണ്ട്. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർലി കടന്നുവരാനുള്ള അവസരമാണിത്. വിലകൂടിയ ഇനം നായകളെ മേടിക്കുന്നതിനും മേലെയുള്ള പ്രവർത്തിയാണ് ഒരു നായക്കുട്ടിക്ക് അഭയം നൽകുന്നത്.
കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂൺ 10 നാണ് '777 ചാർലി' തിയേറ്റർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ ധർമ്മയെയും ചാർലിയെയും കാണാൻ വൻ ജനസാഗരമാണ് തിയേറ്ററുകളിലേക്കെത്തിയത്. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രം പ്രേക്ഷകഹൃദയത്തോടൊപ്പം ബോക്സ് ഓഫീസും കീഴടക്കി മുന്നേറുകയാണ്.
പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാർലി എന്ന നായകുട്ടി കടന്നു വരുന്നതും അതിനുശേഷം ഇരുവരുടെയും ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. നായ നായികയായെത്തുന്ന ചിത്രം നായപ്രേമിയല്ലാത്തവർക്കും ഏതെങ്കിലും രീതിയിൽ റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
സിനിമ കണ്ടിറങ്ങുന്നവർക്ക് ചാർലിയെ സ്വന്തമാക്കാൻ തോന്നുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്. നായ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങൾ ഒരുപാടുണ്ടെങ്കിലും പ്രമേയം കൊണ്ടും അവതരണ രീതിയൊണ്ടും വേറിട്ട ദൃശ്യാവിഷ്ക്കാരം കൊണ്ടും ‘777 ചാർലി’ അവയിൽ നിന്നും വ്യത്യസ്ഥമാണ്.
അരവിന്ദ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിൽ നോബിൻ പോൾ സംഗീതം ഒരുക്കിയിരിക്കിയ ഗാനങ്ങൾ ഹൃദയസ്പർശമാണ്. വിവിധ ഭാഷകളിലെ വരികൾ മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരുമാണ് തയ്യാറാക്കിയത്. പരംവാഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണത്തിനെത്തിച്ചത്.
ഒരു നായ മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമ എന്നതിനാൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി എറണാകുളം പിവിആർ, വനിത വിനീത, തിരുവനന്തപുരം അജന്താ എന്നീ തിയറ്ററുകളിൽ ഡോഗ് ലവ്വേർസിന് വേണ്ടി മാത്രമായി ജൂൺ 6, 7 തിയ്യതികളിൽ ‘777 ചാർലി’ യുടെ പ്രിവ്യു ഷോ നടത്തിയിരുന്നു. ഒത്തിരിപേരാണ് സിനിമ കാണാനെത്തിയത്. സിനിമ കണ്ടിറങ്ങിയവർ ചിത്രം റിലീസ് ചെയ്ത ശേഷം കുടുംബസമേതം ചാർലിയെ കാണാൻ വരുന്നു എന്നത് ചാർലിയുടെ വിജയമാണ്.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.