തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് കവർച്ച നടത്തിയത് മലയാളി തന്നെയാണെന്ന് ഉറപ്പിച്ച് പൊലീസ്. ബാങ്കിനെക്കുറിച്ച് മുൻ പരിചയമുള്ള വ്യക്തിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. അതിനിടെ പ്രതി ഉപയോഗിച്ച സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടിവിഎസ് എൻഡോർക് സ്കൂട്ടറിലാണ് പ്രതിയെത്തിയത്. വാഹനത്തിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. പ്രതിക്കായി സംസ്ഥാനത്തുടനീളം അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
അതേസമയം പട്ടാപ്പകൽ നടന്ന കവർച്ചയിൽ ദുരൂഹതകൾ ഏറെ നിഴലിക്കുകയാണ്. മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതിയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല. വെറും രണ്ടര മിനിറ്റ് കൊണ്ടാണ് ഇയാൾ മോഷണം നടത്തി മടങ്ങിയത്. ബാങ്കിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഒരാൾക്ക് ചുരുങ്ങിയ സമയം കൊണ്ട് കവർച്ച നടത്തി പുറത്തിറങ്ങാൻ ആകുമോ, ക്യാഷ് കൗണ്ടറിൽ 45 ലക്ഷം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട 15 ലക്ഷം മാത്രം മോഷ്ടാവ് എടുത്തു, കൃത്യത്തിന് ശേഷം പ്രതി എങ്ങോട്ടേക്ക് ആണ് പോയത് തുടങ്ങി നിരവധി ചോദ്യങ്ങൾ ഇപ്പോൽ ഉത്തരം കിട്ടാതെ കിടക്കുകയാണ്.
ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് മോഷ്ടാവ് ബാങ്കിലെത്തുന്നത്. ബാങ്കിന്റെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവ് എന്നാണ് പൊലീസ് ആദ്യം മുതൽ പറയുന്നത്. ഈ ശാഖയിൽ സുരക്ഷാജീവനക്കാരില്ലെന്നതും തിരക്ക് കുറയുന്നതെപ്പോഴാണെന്നും കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടക്കുന്നത്. മാസ്കും ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകർത്താണ് കൗണ്ടറിൽ നിന്നും പണം കവരുന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്.
ബാങ്കിൽ കവർച്ചയ്ക്കു ശേഷം 2.18നു മോഷ്ടാവ് പുറത്തു കടന്നെങ്കിലും പ്രദേശത്തെ പല സിസിടിവി ക്യാമറകളിലും ദൃശ്യം പതിഞ്ഞിട്ടില്ല. 2.25 മുതൽ 14 മിനിറ്റോളം പ്രദേശത്താകെ വൈദ്യുതി നിലച്ചതാണിതിന് കാരണം. അതുകൊണ്ട് തന്നെ മോഷ്ടാവ് ഏതു ദിശയിലേക്കു രക്ഷപ്പെട്ടെന്നുറപ്പിക്കാൻ പൊലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംസ്ഥാന വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.