വരനെ ആവശ്യമുണ്ട് (Varane Aavasyamundu) എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യൻ എന്ന സംവിധായകൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക സ്വീകാര്യത നേടാൻ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന് സാധിച്ചു. സുരേഷ് ഗോപി - ശോഭന ജോഡിയെ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ച കയ്യടി നേടിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ആദ്യ സിനിമ മികച്ചതായതോടെ അനൂപ് സത്യനിൽ നിന്ന് വീണ്ടും നല്ലൊരു സിനിമ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
അനൂപിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടുന്നത്. മോഹൻലാലിനെ നായകനാക്കിയാണ് അനൂപിന്റെ അടുത്ത ചിത്രം. അനൂപിന്റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖില്‍ സത്യനാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇത്. മോഹൻലാലിനൊപ്പം ഇന്ത്യയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരത്തെയും ചിത്രത്തിൽ അനൂപ് അവതരിപ്പിക്കുന്നുവെന്നും അഖിൽ കുറിച്ചിട്ടുണ്ട്. വളരെ രസകരമായ ചിത്രമായിരിക്കും ഇതെന്നും അകിൽ പറയുന്നു.
അഖിൽ സത്യന്റെ പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കന്നത്. മോഹൻലാൽ ആരാധകർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് കമന്റുകളിൽ. കുറെ നാളുകൾക്കു ശേഷം ലാലേട്ടന്റെ ഒരു ഫാമിലി ഹിറ്റ് പ്രതീക്ഷിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി - ശോഭന കോമ്പോ കൊണ്ടു വന്നത് പോലെ പുതിയ ചിത്രത്തിൽ മോഹൻലാൽ - ശോഭന കോമ്പോ ആയിരിക്കുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
Also Read: അഖിൽ സത്യന്റെ ആദ്യ ചിത്രം, ഫഹദ് ടൈറ്റിൽ റോളിൽ; പാച്ചുവും അത്ഭുതവിളക്കും ഫസ്റ്റ് ലുക്ക് പോസ്റ്റർ
അതേസമയം ആന്തോളജിയുടെ ഭാഗമായ പ്രിയദര്ശൻ ചിത്രം ഓളവും തീരവും എന്നതിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്നതാണ് ആന്തോളജി.
ഓളവും തീരവും കൂടാതെ ഒരു ചിത്രം കൂടി ഈ ആന്തോളജിയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്. 'ശിലാലിഖിതം' ആണ് മറ്റൊരു ചിത്രം. ഇതിൽ ബിജു മേനോന് ആണ് നായകന്.
പാച്ചുവും അത്ഭുതവിളക്കും എന്ന ഫഹദ് ഫാസിൽ ചിത്രമാണ് അഖിൽ സത്യന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് പാച്ചുവും അത്ഭുതവിളക്കും. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...