തിരുവനന്തപുരം: നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി ജി സുരേഷ് കുമാർ രംഗത്ത്. സംസ്ഥാനത്ത് ജൂൺ 1 മുതലുള്ള സിനിമാ സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണിതെന്നും സുരേഷ് കുമാർ പറഞ്ഞു. യോഗങ്ങളിൽ ആന്റണി വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.
ആന്റണി സിനിമ കണ്ട് തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ചിരുന്ന ആളാണ് താൻ. ഒരു മണ്ടൻ അല്ല ഞാൻ. തമാശ കളിയ്ക്കാൻ ഉള്ളതല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ച് ബന്ധപ്പെട്ടവർ അറിയിച്ചത് പ്രകാരമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാമെന്നും സുരേഷ് പറഞ്ഞു. സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
മലയാള സിനിമ വൻ പ്രതിസന്ധിയിലാണെന്നും സംസ്ഥാനത്ത് ജൂൺ 1 മുതൽ സിനിമാ സമരമായിരിക്കുമെന്നും കഴിഞ്ഞ ദിവസം നിർമാതാവും നടനുമായ ജി സുരേഷ് കുമാർ പറഞ്ഞിരുന്നു. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിന് പിന്നാലെയായിരുന്നു സമര പ്രഖ്യാപനം. സംസ്ഥാന സർക്കാർ ജിഎസ്ടിക്കൊപ്പമുള്ള വിനോദനികുതി പിൻവലിക്കണമെന്നും താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണമെന്നുമാണ് നിർമാതാക്കളുടെ ആവശ്യം.
സിനിമ സമരം എന്ന പ്രഖ്യാപനം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത്.
തിയറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ അല്ല തീരുമാനിക്കേണ്ടതെന്നും അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ട ഒന്നാണെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ തന്റെ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് സുരേഷ് കുമാർ മലയാള സിനിമകളെ രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞവർഷം ലോക സമ്പത്തികമാധ്യമങ്ങൾ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകൾ. മികച്ച ഉള്ളടക്കത്തിന്റെ പേരിൽ അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ മലയാള സിനിമയെ ഉറ്റുനോക്കിയിരുന്നു. തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞു കവിഞ്ഞിരുന്നു. പുതുവർഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയർത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമർശിക്കാൻ ഒരുമ്പെട്ടത് തീർച്ചയായും ആരോഗ്യകരമായ ഒന്നായി തോന്നുന്നില്ല എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വിമർശനം.
സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ ആരാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ സുരേഷ്‌കുമാര്‍ ഇങ്ങനെ സഹജീവികള്‍ക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയും ആരോപണങ്ങളുന്നയിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആന്റണി പറഞ്ഞു. സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണകരമാകില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്നും ആന്റണി ആരാഞ്ഞു.
എമ്പുരാൻ എന്ന ചിത്രത്തിന്റെ ചെലവെത്രയെന്ന് അറിയാത്ത സുരേഷ് കുമാർ ആ ചിത്രത്തിന്റെ ബജറ്റിനെ ഇത്ര ആധികാരികമായി എങ്ങനെ പറയാൻ സാധിച്ചുവെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി അദ്ദഹം പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല, എന്റെ ബിസിനസുകളെക്കുറിച്ചും സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.
മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ടെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.