Kochi : ട്രോളുകളിലൂടെ കൂടുതൽ ജനപ്രീതി നേടിയ കഥാപാത്രമാണ് ചട്ടമ്പിനാടെന്ന ചിത്രത്തിലെ ദശമൂലം ദാമു. ചിത്രം തീയേറ്ററുകളിൽ വിജയമായിരുന്നു. എന്നാൽ പിന്നീട് ദശമൂലം ദാമു എന്ന സൂരജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം ട്രോളുകളിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടുതൽ ജനപ്രീതി നേടുകയായിരുന്നു. ഇപ്പോൾ ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് ദശമൂലം ദാമുവിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.
സൂരജ് വെഞ്ഞാറമൂടും ചിത്രത്തിൻറെ ചർച്ച തുടരുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു . ഒരു ഓൺലൈൻ മീഡിയ ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് സൂരജ് വെഞ്ഞാറമൂട് ഈ കാര്യം വ്യക്തമാക്കിയത്ഈ വര്‍ഷം തന്നെ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോൾ രതീഷ് ബാലകൃഷ്ണൻ ഒരു ചിത്രത്തിൻറെ പണിപ്പുരയിലാണെന്നും, അത് തീർന്നാൽ ഉടൻ ദശമൂലം ദാമുവിന്റെ പ്രവർത്തനങ്ങൾ തുടങ്ങും എന്നുമാണ് അറിയിച്ചിരിക്കുന്നത്.
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25 വമ്പൻ ഹിറ്റായിരുന്നു. പുതിയ ചിത്രത്തിലും പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണ് ഉള്ളത്. ചട്ടമ്പിനാടിന്റെ സംവിധായകനായ ഷാഫി തന്നെ ദശമൂലം ദാമുവിൻ സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടയായിരുന്നു .
എന്നാൽ ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ആരാണെന്നതിനെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ചട്ടമ്പിനാടിന്റെ തിരക്കഥ ഒരുക്കിയ ബെന്നി പി നായരമ്പലം തന്നെ ദശമൂലം ദാമുവിന്റെയും തിരക്കഥ ഒരുക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ്, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചട്ടമ്പി നാട് നിർമ്മിച്ചത്. ദശമൂലം ദാമുവിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അതേസമയം രതീഷ് ബാലകൃഷ്ണന്റെ അടുത്ത ചിത്രം ന്നാ താൻ കേസ് കൊട് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൊഴുമ്മാൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.