കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന് വിടചൊല്ലി കലാകേരളം. എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള വസതിയിലും സിദ്ദിഖിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചിരുന്നു. മമ്മൂട്ടി, ജയറാം, സായ്കുമാർ, ഫഹദ് ഫാസിൽ, ഫാസിൽ, ദിലീപ്, തുടങ്ങി മലയാള സിനിമയിലെ പ്രമുഖരെല്ലാം തന്നെ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു.
ഇന്നലെ, ഓഗസ്റ്റ് 8നാണ് സിദ്ദിഖിന്റെ അന്ത്യം സംഭവിച്ചത്. 69 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയലായിരുന്ന സിദ്ദിഖിനെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ജോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.
Also Read: Siddique: വിട സിദ്ദിഖ്...മലയാളിയെ ചിരിപ്പിച്ച, ചിന്തിപ്പിച്ച ജനപ്രിയ ചിത്രങ്ങൾ ഇതാ
കഴിഞ്ഞ ദിവസം മുതല്‍ സിദ്ദിഖ് എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സിദ്ദിഖിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, 2 ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയവയാണ് സിദ്ദിഖ് - ലാൽ ഒരുമിച്ച് ചെയ്ത ചിത്രങ്ങൾ. ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് (തമിഴ്), ക്രോണിക് ബാച്ച്‌ലർ, എങ്കൾ അണ്ണ (തമിഴ്), സാധു മിറാൻഡ (തമിഴ്) ബോഡി ഗാർഡ്, കാവലൻ (തമിഴ്), ബോഡിഗാർഡ് (ഹിന്ദി), ലേഡീസ് & ജെന്റിൽമാൻ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ (2019) എന്നിവ സിദ്ദിഖ് ഒറ്റയ്ക്ക് ചെയ്ത ചിത്രങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...