സിനിമ പ്രേമികളുടെ മുഴുവൻ പ്രീതി നേടി മുന്നേറുകയാണ് കന്നഡ ചിത്രം കെജിഎഫ് 2. ഹിന്ദിയിൽ ഉൾപ്പടെ എല്ലാ ഭാഷകളിലും വൻ മുന്നേറ്റമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. കെജിഎഫ് 2 ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫിസ് കളക്ഷൻ 300 കോടി കടന്നിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.
'ബാഹുബലി 2'ന് ശേഷം ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ മുന്നൂറ് കോടിയിലധികം കളക്ഷൻ നേടുന്ന പത്താമത്തെ ചിത്രം എന്ന നേട്ടവും കെജിഎഫ് 2 സ്വന്തമാക്കുകയാണ്. ദംഗൽ, ബജ്രംഗി ഭായ്ജാൻ, പികെ തുടങ്ങിയവയാണ് 300 കോടി സ്വന്തമാക്കിയ മറ്റ് ഹിന്ദി സിനിമകൾ. കെജിഎഫ് റിലീസ് ചെയ്ത് പതിനൊന്നാം ദിവസമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകവ്യാപക കളക്ഷനിൽ 800 കോടി കഴിഞ്ഞ ദിവസം കെജിഎഫ് നേടിയിരുന്നു.
പ്രകാശ് നീൽ സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറാണ് കെജിഎഫ്. യാഷാണ് ചിത്രത്തിൽ നായകനായി എത്തിയത്. കേരളത്തിലും മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്‍റെ പേരിലാണുള്ളത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുറാണ് ചിത്രം നിർമ്മിച്ചത് . 'കെജിഎഫ് 2' ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണിയാണ്. ചിത്രത്തില്‍ വില്ലനായി എത്തിയത് സഞ്‍ജയ് ദത്താണ്.
കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തിക് ഗൗഡയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ . പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍,ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...