മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഐപിഎൽ മെഗാ താരലേലത്തിന് മുമ്പായി ഫ്രാഞ്ചൈസികൾ ആരെയൊക്കെ നിലനിർത്തുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഇന്ന് കൈമാറണം. 2025 ഐപിഎൽ സീസണിലെ ടീമുകളിൽ കാര്യമായ മാറ്റങ്ങൾ ഈ താരലേലത്തിലൂടെ സംഭവിക്കും.
പത്ത് ഐപിഎൽ ഫ്രാഞ്ചൈസികളും ഏത് പ്രധാന താരങ്ങളെയാണ് നിലനിർത്താൻ പോവുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ഏതൊക്കെ പ്രധാന താരങ്ങൾ ടീമിൽ തുടരും ആരൊക്കെ ലേലത്തിൽ പങ്കെടുക്കും എന്നും ആരാധകർ ഉറ്റുനോക്കുന്നു. ലേലത്തിന് മുന്നോടിയായുള്ള റീറ്റെൻഷനുമായി ബന്ധപ്പെട്ട ഐപിഎൽ ഗവേണിംഗ് കൗൺസിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരുന്നു. ഫ്രാഞ്ചൈസികൾക്ക് ആറ് താരങ്ങളെ ടീമിൽ നിലനിർത്താം. അതിൽ പരമാവധി അഞ്ച് ക്യാപ്ഡ് കളിക്കാരും, രണ്ട് അൺക്യാപ്ഡ് കളിക്കാരുമാകാം.
രോഹിത് ശർമ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള കീ പ്ലെയേഴ്സിനേ ചുറ്റുപറ്റി നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ നായകസ്ഥാനം രോഹിത് ശർമയുടെ കൈയ്യിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യക്ക് മാനേജ്മെൻ്റ് നൽകിയിരുന്നു. ഇതോടെ അടുത്ത സീസണിൽ രോഹിത് ടീം വിടണമെന്ന് നിരവധി മുംബൈ ആരാധകർ പോലും ആഗ്രഹിച്ചിരുന്നു. എന്നാൽ അടുത്ത സീസണിൽ രോഹിതിന് നായകസ്ഥാനം വീണ്ടും നൽകി ടീമിൽ നിലനിർത്തുമോ എന്ന് കണ്ടറിയാം.
ഒരു ഇടവേളയ്ക്ക് ശേഷം ഡൽഹി ക്യാപിറ്റൽസിൻ്റെ നായകസ്ഥാനമേറ്റെടുത്ത റിഷഭ് പന്ത് ടീമിൽ നിന്ന് വേർപിരിയുന്നു എന്ന സൂചനകളുണ്ട്. പന്ത് ലേലത്തിനുണ്ടെങ്കിൽ താരത്തിന് വേണ്ട് നല്ല രീതിയിൽ ഒരു ലേലംവിളി പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സ് പന്തിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ചെന്നൈയുടെ സ്റ്റാർ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയെ കൈവിടാനും മാനേജ്മെൻ്റ് ശ്രമിക്കുന്നുണ്ടെന്നും സൂചനകൾ പുറത്തുവരുന്നു.
2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കിരീടം നേടികൊടുത്ത ശ്രേയസ് അയ്യർ കൊൽക്കത്ത വിടുമെന്ന സൂചനകളും നൽകി കഴിഞ്ഞു. താരത്തെ ടീമിലെത്തിക്കാൻ ഡൽഹി ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് ശ്രേയസിനെ കൊൽക്കത്ത ഒഴിവാക്കുന്നത് എന്നാണ് സൂചന. പന്ത് ഡൽഹി വിടുവാണെങ്കിൽ ശ്രേയസ് അയ്യറിനെ നായകനാക്കാം എന്നായിരിക്കും ഡൽഹി മാനേജ്മെൻ്റ് കരുതുന്നത്.
ഐപിഎൽ 2025 റീറ്റെൻഷൻ ലൈവ് സ്‌ട്രീമിംഗ്: ഐപിഎൽ റീറ്റെൻഷൻ ടിവിയിലും ഓൺലൈനിലും എപ്പോൾ, എവിടെ നിന്ന് തത്സമയം കാണാം
ഐപിഎൽ റീറ്റെൻഷൻ എപ്പോൾ നടക്കും?
ഐപിഎൽ 2025 റീറ്റെൻഷൻ വ്യാഴാഴ്ച ഒക്ടോബർ 31 ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് നടക്കും.
ഐപിഎൽ 2025 റീറ്റെൻഷൻ തത്സമയ സംപ്രേക്ഷണം നിങ്ങൾക്ക് എങ്ങനെ കാണാനാകും?
സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിലും ജിയോ സിനിമയിലും ഐപിഎൽ റീറ്റെൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.