ധാക്ക: ബംഗ്ലാദേശിൽ കൊവിഡ് (Covid 19) നിയന്ത്രണം ശക്തമാക്കിയതിനെ തുടർന്ന് ജനങ്ങൾ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. സാൽതയിലെ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് സ്വരക്ഷയ്ക്കായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ നൂർ അ ആലം വ്യക്തമാക്കി.
ഗ്രാമീണ പ്രദേശങ്ങളിൽ പലയിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർക്കാണ് പൊലീസ് (Police) വെടിവെപ്പിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഫരീദ്പൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അബ്ദുൾ മട്ടിൻ പറഞ്ഞു. ഹേഫാസത് ഇ - ഇസ്ലാം എന്ന സംഘടനയാണ് പൊലീസ് ആക്രമിക്കുന്നതിന് നേതൃത്വം നൽകിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ഹേഫാസത് ഇ ഇസ്ലാം ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് ബംഗ്ലാദേശിൽ (Bangladesh) ലോക്ക്ഡൌൺ ശക്തമാക്കിയിരുന്നു. ഞായറാഴ്ച 7,087 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 2020 മാർച്ചിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണിത്. ഈ പശ്ചാത്തലത്തിലാണ് ലോക്ക്ഡൌൺ വീണ്ടും ശക്തമാക്കിയത്.
രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ റോഡ്-ജല-വ്യോമ ഗതാഗതങ്ങൾ നിരോധിച്ചിരുന്നു. കടകമ്പോളങ്ങളുടെ പ്രവർത്തനങ്ങളും പൂർണമായും നിരോധിച്ചു. രാത്രി കർഫ്യൂവും ഏർപ്പെടുത്തി. ഇതേ തുടർന്ന് വ്യാപാരിക.. പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ബംഗ്ലാദേശ് സന്ദർശനത്തിനിടെ കഴിഞ്ഞ മാസം ഹേഫാസത് ഇ ഇസ്ലാമിൻറെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം അക്രമാസക്തമാകുകയും നിരവധി പേരുടെ മരണത്തിനിടയാകുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...