91ൽ ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്ത്? രാജ്യം അതിനെ നേരിട്ടതെങ്ങനെ? ഇന്ത്യക്ക് സംഭവിച്ച അത്ഭുതകരമായ മാറ്റങ്ങളുടെ കഥ

സ്വതന്ത്രാനന്തര ഇന്ത്യയെ മുന്നോട്ട് നയിച്ചത് സോഷ്യലിസത്തിലൂന്നിയ ഒരു സാമ്പത്തിക നയമായിരുന്നു. ഈ സമ്പദ്ഘടനയിൽ രാജ്യത്തെ ഭൂരിഭാഗം വ്യവസായങ്ങളുടെയും പ്രവർത്തനം സർക്കാരിന് കീഴിലായിരുന്നു. 

Written by - Ajay Sudha Biju | Last Updated : Apr 7, 2022, 01:15 PM IST
  • 1993 ജൂലൈ 24 ന് ഇന്ത്യയുടെ സാമ്പത്തികരംഗത്തെ അടിമുടി മാറ്റിമറിച്ച ഒരു ബജറ്റ് അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങ് പാർലമെന്‍റിൽ അവതരിപ്പിച്ചു.
  • തുടർന്നാണ് ഇന്ത്യയിൽ ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും ആഗോളവൽക്കരണവും നടപ്പിലാകുന്നത്.
  • എൽപിജി എന്ന ഓമനപ്പേരിൽ രാജ്യത്തിപ്പോഴും ആ നയങ്ങൾ പിന്തുടരുകയാണ്.
91ൽ ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്ത്? രാജ്യം അതിനെ നേരിട്ടതെങ്ങനെ? ഇന്ത്യക്ക് സംഭവിച്ച അത്ഭുതകരമായ മാറ്റങ്ങളുടെ കഥ

ശ്രീലങ്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കലാപങ്ങളും പ്രക്ഷോഭങ്ങളും ലോകം ഉറ്റ് നോക്കി കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ. കലാപത്തിന് വഴിമാറിയില്ലെങ്കിലും സമാനമായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലും ഉണ്ടായിരുന്നു. ആഗോള വത്കരണ പരിഷ്ക്കരണത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനിടെ, അതായത് 1991ൽ ഇന്ത്യ അത്തരത്തിൽ ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്  നേരിട്ടത്. എന്നാൽ ഇന്ന് ശ്രീലങ്കയിൽ കാണുന്ന പോലുള്ള കടുത്ത കലാപങ്ങളിലേക്ക് രാജ്യം വഴുതി വീണീല്ല. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനായത് സുശക്തമായ ഭരണഘടനയും മികച്ച ഭരണാധികാരികളുടെ കൃത്യമായ ഇടപെടലും കൊണ്ടാണ്. പിന്നീട് രാജ്യത്തിന്‍റെ സാമ്പത്തികരംഗം സുരക്ഷിതമായി മാറി. 

എന്തുകൊണ്ടായിരിക്കാം തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യക്ക് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നത്? എങ്ങനെയായിരിക്കാം ഇത് പരിഹരിക്കപ്പെട്ടത്? 

സ്വതന്ത്രാനന്തര ഇന്ത്യയെ മുന്നോട്ട് നയിച്ചത് സോഷ്യലിസത്തിലൂന്നിയ ഒരു സാമ്പത്തിക നയമായിരുന്നു. ഈ സമ്പദ്ഘടനയിൽ രാജ്യത്തെ ഭൂരിഭാഗം വ്യവസായങ്ങളുടെയും പ്രവർത്തനം സർക്കാരിന് കീഴിലായിരുന്നു. ഇന്ത്യയിൽ വ്യവസായം നടത്തുന്നതിനും വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരവധി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. രാജ്യവളർച്ചയ്ക്ക് അനുയോജ്യമായ നയമായിരുന്നു സോഷ്യലിസത്തിലൂന്നിയ സമ്പദ്ഘടനയെങ്കിലും അത് കാലാകാലങ്ങളായി പരിഷ്കരിക്കുന്നതിൽ മാറി മാറി വന്ന സർക്കാരുകൾ ശ്രദ്ധപുലർത്തിയില്ല. രാജ്യത്തിന് സാമ്പത്തിക മുരടിപ്പ് ബാധിക്കുന്നതിന് ഇത് വഴിയൊരുക്കി.

 

മുരടിപ്പ് മറികടക്കാൻ സർക്കാരുകൾ വ്യാപാര രംഗത്ത് ചെറിയ ചില മാറ്റങ്ങൾ കൊണ്ട് വരികയും ഇന്ത്യൻ ഉൽപ്പന്നങ്ങളെ ലോക വിപണിയിലേക്ക് തുറന്നുവിടുകയും ചെയ്തു. പക്ഷെ സർക്കാർ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിരുന്നു അതിന്റെ ഫലങ്ങൾ. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും കയറ്റുമതിയും അധികമായി നടന്നില്ല എന്ന് മാത്രമല്ല, ഇന്ത്യൻ വിപണിയിലേക്ക് വിദേശ ഉൽപ്പന്നങ്ങൾ ഒഴുകിയെത്തുകയും ചെയ്തു. രാജ്യത്തിന്റെ ഡോളർ നിക്ഷേപ അളവ് ക്രമാതീതമായി കുറഞ്ഞു. അതിനിടെ തൊണ്ണൂറുകളുടെ തുടക്കത്തിൽ ഗൾഫ് യുദ്ധവും ഇന്ത്യയുടെ സാമ്പത്തിക മേഖലയെ പിടിച്ചുലച്ചു. പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതോടെ രാജ്യത്തേക്കുള്ള ഡോളർ നിക്ഷേപത്തിന്‍റെ അളവിടിഞ്ഞു. 

സാമ്പത്തിക രംഗത്തെ അസ്ഥിരത രാഷ്ട്രീയരംഗത്തും നടമാടി. നിരവധി രാഷ്ട്രീയ പ്രതിസന്ധികളും രാജ്യത്തിന് നേരിടേണ്ടി വന്നു. സുശക്തമായ സർക്കാർ ഇല്ലാത്തത് വെല്ലുവിളിയുയർത്തി. 1985കൾക്ക് ശേഷം ഇന്ത്യയിൽ ഒരു രാഷ്ട്രീയ കക്ഷികൾക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ നിലവിൽ വന്നു. പിന്നീടെത്തിയ കക്ഷിമുന്നണികൾ അധികാരമുറപ്പിക്കാനും ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനും നിരവധി ക്ഷേമപ്രവർത്തനങ്ങൾ മുന്നോട്ട് വച്ചു. ഒരു തരത്തിൽ വിത്തെടുത്ത് വിതയ്ക്കുന്നതിന് സമാനമായിരുന്നു അത്.   ഇതോടെ ഇന്ത്യ കടുത്ത സാമ്പത്തിക കമ്മിയും നേരിട്ടു. വരവുകളേക്കാൾ ചിലവുകൾ വർദ്ധിക്കുന്ന ഒരു അവസ്ഥ സംജാതമായി. അക്കാലയളവിൽ ഇന്ത്യയുടെ  വിദേശ നിക്ഷേപത്തിന്‍റെ അളവ് കേവലം 1.5 ബില്ല്യൺ ഡോളർ മാത്രമായിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ കടമെടുക്കേണ്ട അവസ്ഥയായിരുന്നു. രാജ്യത്തിന്‍റെ ക്രെഡിറ്റ് റേറ്റ് കൂപ്പുകുത്തി. 

ഈ സാഹചര്യത്തിൽ ആരും തന്നെ ഇന്ത്യക്ക് കടം നൽകാൻ കൂട്ടാക്കിയില്ല. എല്ലാകാലത്തും അരികത്ത് ചേർത്ത് നിർത്തിയ സോവിയറ്റ് യൂണിയൻ 1990ൽ തകർന്നതോടെ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ പറ്റാതായി. തുടർന്നാണ് ഇന്ത്യ ഐ എം എഫിനെ (INTERNATIONAL MONITORY FUND) സമീപിക്കുന്നത്. അത് IMF അനുകൂല സാമ്പത്തിക ക്രമം ഇന്ത്യയിൽ കൊണ്ടുവരുന്നതിന് വഴിയൊരുക്കി. 1993 ജൂലൈ 24 ന് ഇന്ത്യയുടെ സാമ്പത്തികരംഗത്തെ അടിമുടി മാറ്റിമറിച്ച ഒരു ബജറ്റ് അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങ് പാർലമെന്‍റിൽ അവതരിപ്പിച്ചു.  തുടർന്നാണ് ഇന്ത്യയിൽ ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും ആഗോളവൽക്കരണവും നടപ്പിലാകുന്നത്. 

എൽപിജി എന്ന ഓമനപ്പേരിൽ രാജ്യത്തിപ്പോഴും ആ നയങ്ങൾ പിന്തുടരുകയാണ്. ആദ്യം രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക് ഇവ സഹായകരമായെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ എൽപിജി സൃഷ്ടിച്ചു. വലിയൊരു വിഭാഗം ചെറുകിട ഉൽപ്പാദകർക്ക് ആഗോളവൽക്കരണം വെല്ലുവിളികൾ ഉയർത്തി. വിദേശ വ്യാപാര നയങ്ങളില്‍ മാറ്റങ്ങൾ ഉണ്ടായതിന്‍റെ ഫലമായി വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ തുടങ്ങി. മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുമായി ബഹുരാഷ്ട്ര കമ്പനികൾ വിപണിയിൽ നിറഞ്ഞു. ഇത് കാരണം പ്രാദേശിക ഉൽപാദകർക്ക് ഇവയോട് മത്സരിക്കാൻ കഴിയാതെ വരികയും അവരുടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഇല്ലാതാകുകയും ചെയ്തു. എൽപിജിയുടെ മറ്റൊരു പ്രതികൂല ഘടകം തൊഴിലാളികൾക്ക് നൽകുന്ന കുറഞ്ഞ വേതനമാണ്. ഇത് കാരണം തൊഴിലാളികളുടെ ന്യായമായ വേതനവും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. ഇത്തരത്തിൽ ആഗോളവൽക്കരണത്തിന്‍റെ പ്രത്യാഘാതങ്ങൾ ഇന്ത്യ ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News