പാല് പൊരിച്ചത് ഇഫ്താറിന് അനുയോജ്യമായ ഒരു മധുരമുള്ള വിഭവമാണ്. ഇത് ഒരു സ്പാനിഷ് വിഭവമാണ്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന രിചികരമായ വിഭവമാണിത്. രുചികരമായ ഒരു ഇഫ്താർ വിരുന്നിന് പാല് പൊരിച്ചതും ഉണ്ടാക്കാം. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം.
ആവശ്യമായ ചേരുവകൾ
പാല്- മൂന്നരക്കപ്പ്
കറുവപ്പട്ട- ഒന്ന്
പഞ്ചസാര- മുക്കാൽക്കപ്പ്
കോൺഫ്ലോർ- അരക്കപ്പ്
ഓറഞ്ചിന്റെ തൊലി- അൽപം
മൈദ- മൂന്ന് ടേബിൾസ്പൂൺ
ബ്രെഡ് പൊടി- ഒരു കപ്പ്
എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൂന്ന് കപ്പ് പാൽ ചൂടാക്കുക. ഇതിലേക്ക് കറുവപ്പട്ടയും ഓറഞ്ചിന്റെ തൊലിയും ഇട്ടുകൊടുക്കുക. ഓറഞ്ചിന്റെ തൊലി പീൽ ചെയ്തത് മാത്രമേ ഉപയോഗിക്കാവൂ മാംസളമായ ഭാഗം എടുക്കരുത്. ഇനി തീ ലോ ഫ്ലെയ്മിൽ വച്ച് അൽപ്പനേരം ഇളക്കുക. അൽപ്പ സമയം ഇളക്കിയ ശേഷം മുക്കാൽകപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര അലിയുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.
അഞ്ച്-ആറ് മിനിറ്റിന് ശേഷം പാലിലേക്ക് ഇട്ട കറുവപ്പട്ടയും ഓറഞ്ച് തൊലിയും എടുത്ത് മാറ്റുക. അരക്കപ്പ് പാൽ കോൺഫ്ലോറിലേക്ക് കുറേശെയായി ഒഴിച്ച് കൊടുത്ത് കട്ടപിടിക്കാതെ നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. തീ ലോ ഫ്ലെയ്മിൽ വച്ച് കോൺഫ്ലോർ മിക്സ് പാലിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കോൺഫ്ലോർ ചേർക്കുമ്പോൾ ചെറുതീയിൽ തുടർച്ചയായി പാൽ ഇളക്കണം. ഈ മിശ്രിതം തിക്കായാൽ ഇറക്കിവയ്ക്കുക.
ഒരു പാത്രത്തിൽ ബട്ടറോ ഓയിലോ പുരട്ടി അതിലേക്ക് ഈ മിക്സ് ഒഴിക്കുക. തണുക്കാൻ മാറ്റിവയ്ക്കുക. തണുത്തശേഷം പാത്രം അടച്ച് ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ വയ്ക്കുക. ഫ്രീസറിൽ നിന്നെടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആവശ്യമായ ആകൃതിയിൽ മുറിച്ചെടുക്കാം.
ഫ്രൈ ചെയ്യുന്നതിനായി ഒരു കപ്പിൽ അൽപം മൈദ എടുത്ത് അതിൽ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുറിച്ചുവച്ച പാലിന്റെ കഷ്ണങ്ങൾ ആദ്യം മൈദയിൽ മുക്കി പിന്നീട് ബ്രെഡ് പൊടിയിൽ മുക്കി ചൂടായ എണ്ണയിലിട്ട് ഇരുഭാഗവും ബ്രൗൺ നിറം ആകുന്നതുവരെ ചെറുതീയിൽ മൊരിച്ചെടുക്കുക. പാല് പൊരിച്ചത് റെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...