New Delhi: മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സസ്‌പെൻഷനിലായ ബിജെപി വക്താവ് നൂപുർ ശർമ വീണ്ടും സുപ്രീംകോടതിയില്‍. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം കേൾക്കും
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പത്തോളം കേസുകളാണ് നിലവില്‍ നൂപുര്‍ ശര്‍മയ്ക്കെതിരെയുള്ളത്. ഈ കേസുകളിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് നൂപുര്‍ ശര്‍മ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രാജ്യത്തെ നിലവിലെ അശാന്തിക്ക് താൻ ഉത്തരവാദിയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതോടെ തന്‍റെ ജീവന് ഭീഷണി വർദ്ധിച്ചതായി നൂപൂർ ശർമ്മ ഹര്‍ജിയില്‍ പറയുന്നു. കൂടാതെ, തന്‍റെ പരാമർശത്തിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ വിമർശനത്തിന് ശേഷം തനിക്ക് നിരന്തരം ബലാത്സംഗ വധഭീഷണിയും ലഭിക്കുന്നുണ്ടെന്ന് മുൻ ബിജെപി വക്താവ് പറയുന്നു. നൂപുര്‍ ശര്‍മയുടെ ആദ്യ ഹര്‍ജി പരിഗണിച്ച അതെ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്.
തന്‍റെ പേരിലുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച നൂപുറിന് കടുത്ത ശാസനയാണ് സുപ്രീംകോടതിയില്‍ നിന്നും ലഭിച്ചത്.
രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഏക ഉത്തരവാദി നൂപുർ ശർമയാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തന്‍റെ പ്രവാചകനിന്ദാ പരാമര്‍ശങ്ങളില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തന്‍റെ പരാമര്‍ശത്തിലൂടെ രാജ്യം മുഴുവന്‍ കലാപഭൂമിയാക്കി മാറ്റുകയാണ് നൂപുര്‍ ചെയ്തത്. ഉദയ്പൂരിൽ ഒരു തയ്യൽക്കാരൻ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് നൂപുര്‍ ആണ് ഉത്തരവാദി എന്നും ഹര്‍ജി പരിഗണിച്ച ജഡ്ജി സൂര്യ കാന്ത് പറഞ്ഞു. നൂപുര്‍ ഭീഷണി നേരിടുന്നുവോ? അതോ നൂപുര്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയായി മാറിയോ? രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ വികാരങ്ങൾ ആളിക്കത്തിച്ച രീതി, രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഒറ്റയ്ക്ക് ഉത്തരവാദിയാണ്," ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.
ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തില്‍ നൂപുറിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് ബിജെപി അകലം പാലിയ്ക്കുകയാണ് ഉണ്ടായത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...