ന്യൂഡൽഹി: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കർണാടകയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അടുത്ത 10 ദിവസം കൊണ്ട് 15,000 ഘന അടി വെള്ളം തമിഴ്നാടിന് കൊടുക്കണമെന്നാണ് സുപ്രീം കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കൂടുതൽ ജലം വേണമെന്ന തമിഴ്നാടിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല.
സുപ്രീം കോടതിയുടെ പ്രത്യേക കമ്മിറ്റി ഇക്കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യും. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയിലെ സാംബ കൃഷിക്കായി 50.52 ടി.എം.സി അടി വെള്ളം വിട്ടു നല്‍കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാവേരിയുടെ നാലു സംഭരണികളിലായി 80 ടി.എം.സി ജലത്തിന്‍റെ കുറവുണ്ടെന്നാണ് കര്‍ണാടക അറിയിച്ചത്.
കവേരി നദീ ജല തര്‍ക്കത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാടിന്‍റെ അതിജീവനത്തിനായി കര്‍ണാടക അനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണ ജീവിതത്തെയും കൃഷിയെയും സാരമായി ബാധിക്കുന്ന വിഷയമാണ് കാവേരി നദീജല തര്‍ക്കം. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതാണ് പ്രശ്നങ്ങള്‍ രൂക്ഷമാകാനിടയായത്. കാവേരി ജലം കിട്ടിയാല്‍ 40000 ഏക്കര്‍ കൃഷിഭൂമി രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് തമിഴ്നാടിന്‍റെ കണക്കു കൂട്ടല്‍.