കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പൾസർ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്. സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. സംവിധായകന് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ശബ്ദരേഖയിൽ പറയുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ച് ജിന്‍സനോട് പള്‍സര്‍ സുനി ചോദിച്ചതായും ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു മുൻപ് ജിന്സന്.
ബാലചന്ദ്രകുമാറുമായി ദിലീപ് നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി രണ്ട് ദിവസം താമസിച്ചതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ബാലചന്ദ്ര കുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തുടർച്ചയായി ദിലീപ് ബാലചന്ദ്ര കുമാറിനെ വിളിച്ചിരുന്നു. വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നത് അപകടമാണെന്നും ഫോൺ ചോർത്തുന്നുണ്ടെയന്ന് സംശയമുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ബാലചന്ദ്ര കുമാർ പുറത്ത് പറയാതിരിക്കുന്നത് വേണ്ടിയാണ് ബാലചന്ദ്രകുമാറിനെ ദിലീപ് കാണാനെത്തിയത് എന്നാണ് സൂചന.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തിയ കേസില്‍ നടന് ദിലീപിനെതിരായ പുതിയ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടതായി എഫ്ഐആറില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്. എസ്പി കെഎസ് സുദര്‍ശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്ഐആറില്‍ പറയുന്നു. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. 2017 നവംബര്‍ 15നായിരുന്നു ഗൂഡാലോചന നടന്നത്.
തന്നെ കൈവച്ച കെഎസ് സുദര്‍ശന്റെ കൈവെട്ടും. ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസുകള്‍ എടുത്തിരിക്കുന്നത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...