തിരുവനന്തപുരം: സജീവരാഷ്ട്രീയം വിടുകയാണെന്ന മെട്രോമാന് ഇ. ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ഇ. ശ്രീധരന് ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും BJP ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമുള്ളതിനാലാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
രാഷ്ട്രീയക്കാരനെന്നതിലുപരി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ജനങ്ങളെ സേവിച്ചത്. ബിജെപിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിയായത്. കെ റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി നിലപാട് സ്വീകരിച്ചതെന്നും സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് മെട്രോമാന് ഇ. ശ്രീധരന് BJP -യില്‍ ഔദ്യോഗികമായി ചേരുന്നത്. തുടര്‍ന്ന് പാലക്കാട് മണ്ഡലത്തി BJP സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോടാണ് ശ്രീധരന് പരാജയപ്പെട്ടത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 3,859 വോട്ടിനാണ് ഇ. ശ്രീധരന് പരാജയപ്പെട്ടത്.
Also Read: K - Rail Project : കെ റെയിൽ പ്രായോഗികമല്ല; കേരളത്തിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും : ഇ ശ്രീധരൻ
വ്യാഴാഴ്ചയാണ് താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് എന്ന് ഇ. ശ്രീധരന് മാധ്യമങ്ങളെ അറിയിച്ചത്. പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചില കാര്യങ്ങൾ തിരുത്താതെ കേരളത്തിൽ ബിജെപിക്ക് മുന്നോട്ട് പോകാനാകില്ലയെന്ന് വ്യക്തമാക്കിയ അദ്ദേഹം, സജീവ രാഷ്ട്രീയത്തിലേക്കില്ല എന്നതുകൊണ്ട് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് എന്നല്ല അര്‍ത്ഥമെന്നും വ്യക്തമാക്കി.
താന്‍ ഒരു എം.എല്‍.എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. BJPയ്ക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല, ശ്രീധരന് പറഞ്ഞു. "നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയ പാർട്ടി വേണമെന്നില്ല, ജനങ്ങളെ സേവിക്കുന്നതിന് വേണ്ടി തന്റെ കീഴിൽ മൂന്ന് ട്രസ്റ്റുകളുണ്ട്" ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോടായി അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീധരനെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ തന്നെ പാലക്കാട് എം.എല്‍.എ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി വാര്‍ത്തയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...