Arrest: ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

Beat Forest Officer: തിരുവനന്തപുരം സ്വദേശിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. സി ലെനിനെ ആണ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ കണ്ണംപടി കുടിയിൽ പുത്തൻപുരയ്ക്കൻ സരുൺ സജിയെ ആണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കള്ളക്കേസിൽ കുടുക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 09:43 AM IST
  • പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സം​ഘമാണ് ലെനിനെ അറസ്റ്റ് ചെയ്തത്
  • 2022 സെപ്റ്റംബർ ഇരുപതിനാണ് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സരുണിനെതിരെ കേസെടുത്തത്
  • കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു സരുണിനെതിരെയുള്ള കേസ്
Arrest: ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. സി ലെനിനെ ആണ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ കണ്ണംപടി കുടിയിൽ പുത്തൻപുരയ്ക്കൻ സരുൺ സജിയെ ആണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കള്ളക്കേസിൽ കുടുക്കിയത്.

കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലാണ് നടപടി. പ്രതികളായ ഒമ്പത് പേർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പരി​ഗണിച്ച കോടതി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.സി ലെനിൻ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ പോലീസിന് അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു.

മറ്റ് പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് വി.സി ലെനിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വകുപ്പ് തലത്തിൽ ഉയർച്ചയുണ്ടാകാനാണ് ഇയാൾ കള്ളക്കേസെടുത്തതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ALSO READ: Crime: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദ്ദനം; 2 പേർ കസ്റ്റഡിയിൽ

പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സം​ഘമാണ് ലെനിനെ അറസ്റ്റ് ചെയ്തത്. 2022 സെപ്റ്റംബർ ഇരുപതിനാണ് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ സരുണിനെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയിൽ വരുന്നതിനിടെ പിടികൂടിയെന്നായിരുന്നു സരുണിനെതിരെയുള്ള കേസ്. വനം വകുപ്പിന്റെ കേസ് വ്യാജമാണെന്ന് ഉന്നതതല അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

കള്ളക്കേസെടുത്ത 13 ഉദ്യോഗസ്ഥർക്കെതിരെ സരുൺ പോലീസിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതോടെ, തന്നെ കള്ളക്കേസിൽ കുടുക്കിയ വനപാലകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഓഫിസിന് മുന്നിലെ മരത്തിൽ കയറി സരുൺ സജി ആത്മഹത്യാ ഭീഷണി മുഴക്കി. ഇത് വലിയ രീതിയിൽ വാർത്തയായിരുന്നു. തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാരെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്നും പീരുമേട് ഡിവൈഎസ്പി ജെ.കുര്യാക്കോസ് ഉറപ്പ് നൽകി.

വനം വകുപ്പിന്റേത് കള്ളക്കേസാണെന്ന് വ്യക്തമായതിന് പിന്നാലെ സരുണിന്റെ ഓട്ടോറിക്ഷ അടക്കമുള്ള വസ്തുക്കൾ തിരികെ നൽകിയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. സരുണിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും ഗോത്രവർഗ കമ്മീഷനും റിപ്പോർട്ട് തേടിയശേഷം വനപാലകർക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ, കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെ, കേസ് പിൻവലിക്കാത്തതിനാൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് വ്യക്തമാക്കി സരുണും കുടുംബവും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ വനപാലകരായിരിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News