കേരള സർവകലാശാല അസിസ്റ്റൻറ് നിയമനം: കേസ് എഴുതി തള്ളാനുള്ള സർക്കാർ നീക്കം പാളി, പുനരന്വേഷണത്തിന് കോടതി ഉത്തരവ്

കേരള സർവകലാശാല വി.സിയായിരുന്ന ഡോ:എം. കെ.രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ: വി.ജയ പ്രകാശ്,രജിസ്ട്രാർ കെ.എ.ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന അഡ്വ:എ.എ.റഷീദ്, ബി. എസ്. രാജീവ്,കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട്  ക്രൈംബ്രാഞ്ച് നേരത്തെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

Written by - എസ് രഞ്ജിത് | Edited by - Priyan RS | Last Updated : Jun 8, 2022, 09:36 PM IST
  • മൂന്ന് മാസത്തിനുള്ളിൽ ഹൈക്കോടതി നിർദ്ദേശിച്ചത് പ്രകാരമുള്ള റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും വിജിലൻസ് കോടതി നിർദേശിച്ചു.
  • അന്വേഷണ ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി സർവീസിൽ നിന്നും വിരമിക്കുന്നതിന് തലേ ദിവസമാണ് കേസ് എഴുതി തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചത്.
  • 40,000പേർ എഴുതിയ ഒഎംആർ പരീക്ഷയിൽ 2401 പേരുടെ ഹ്രസ്വ പട്ടിക തയ്യാറാക്കി ഇന്‍റർവ്യു നടത്തി 1401 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല അസിസ്റ്റൻറ് നിയമനം: കേസ് എഴുതി തള്ളാനുള്ള സർക്കാർ നീക്കം പാളി, പുനരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം: വിവാദമായ കേരള സർവ്വകലാശാല അസിസ്റ്റൻറ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. മുൻ വൈസ് ചാൻസലർ  ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് എഴുതി തള്ളാനുള്ള നീക്കം തിരുവനന്തപുരം വിജിലൻസ് കോടതി തടഞ്ഞു. 40,000 ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ച ശേഷം കേരള സർവകലാശാലയിൽ ഇരുന്നൂറോളം അസിസ്റ്റന്‍റ്മാരെ  നിയമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്നും ഉത്തരക്കടലാസുകൾ കാണാതയതിന്  തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് കേസ് എഴുതി തള്ളണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വാദിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. 

ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിന്  ഉത്തരവാദികളെ കണ്ടെത്തുന്നതിന് പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ നിർദ്ദേശിച്ചു. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോടതി നിർദ്ദേശിച്ച ആദ്യ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് പകരം ഉദാസീനമായാണ് ക്രൈം ബ്രാഞ്ച് പുതിയ റിപ്പോർട്ട്‌ സമർപ്പിച്ചിരിക്കുന്നതെന്നും കോടതി വിമർശിച്ചു. അപൂർണമായ റിപ്പോർട്ട് കോടതി ക്രൈംബ്രാഞ്ചിന് തീരികെ നൽകുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ ഹൈക്കോടതി നിർദ്ദേശിച്ചത് പ്രകാരമുള്ള റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും വിജിലൻസ് കോടതി നിർദേശിച്ചു.

Read Also: Gold Smuggling Case : മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി ഭയക്കുന്നതെന്തിന്? കെ.സുധാകരന്‍ എംപി

കേരള സർവകലാശാല വി.സിയായിരുന്ന ഡോ:എം. കെ.രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ: വി.ജയ പ്രകാശ്,രജിസ്ട്രാർ കെ.എ.ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന അഡ്വ:എ.എ.റഷീദ്, ബി. എസ്. രാജീവ്,കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട്  ക്രൈംബ്രാഞ്ച് നേരത്തെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് കുറ്റപത്രം റദ്ദാക്കി.നിയമനം ലഭിച്ചവരെകൂടി എതിർ കക്ഷികളാക്കി പുനരന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ പുതുതായി ഫയൽ ചെയ്യാൻ  ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ പുനരന്വേഷണം നടത്തി കുറ്റപത്രം നൽകുന്നതിനു പകരം കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച്  തീരുമാനിക്കുകയായിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന  ഡി.വൈ.എസ്.പി സർവീസിൽ നിന്നും വിരമിക്കുന്നതിന്  തലേ ദിവസമാണ് കേസ് എഴുതി തള്ളിക്കൊണ്ടുള്ള  റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരന്‍റെ  മൊഴിപോലും  രേഖപെടുത്താതെ അതീവ രഹസ്യമായിട്ടാണ് റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചത്. 2008ലാണ് കേസിന് ആസ്പദമായ നിയമനങ്ങൾ നടന്നത്.പരീക്ഷ എഴുതാത്തവർ പോലും റാങ്ക് പട്ടികയിൽ ഇടംപിടിച്ചുവെന്നും ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം ഉയർന്ന റാങ്കുകൾ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Read Also: Swapna Suresh : സ്വപ്ന സുരേഷിനെതിരെ കേസെടുത്തു; കെ.ടി.ജലീലിൻ്റെ പരാതിയിലാണ് നടപടി

40,000പേർ എഴുതിയ ഒഎംആർ പരീക്ഷയിൽ 2401 പേരുടെ ഹ്രസ്വ പട്ടിക തയ്യാറാക്കി ഇന്‍റർവ്യു നടത്തി 1401 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.181 പേർക്ക് നിയമനം നൽകി.തുടർന്ന് ലോകയുക്ത നിയമനങ്ങൾ സ്റ്റേ ചെയ്യുകയായിരുന്നു. അതേ സമയം ഉത്തരക്കടലാസുകൾ നശിപ്പിച്ചവരെ ക്രൈംബ്രാഞ്ചിന് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് കൈമാറാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. അസിസ്റ്റന്റ് നിയമനം ശരി വെച്ച സിംഗിൾബെഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ  പരിഗണനയിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News