ആലപ്പുഴ: മാരകായുധങ്ങളുമായി ആര്‍എസ്എസ് (RSS) പ്രവർത്തകർ ആലപ്പുഴയിൽ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ചാണ് ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെ പോലീസ് പിടികൂടിയത്.
ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇവരിൽ നിന്നും വടിവാളുകൾ കണ്ടെടുത്തിട്ടുണ്ട്.
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകം വലിയ ചർച്ചയാവുന്ന ഈ സാഹചര്യത്തിലാണ് ആയുധങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ ഞെട്ടിച്ചിരുന്നു.
2021 ഡിസംബർ 18, 19 തിയതികളിലാണ് ആ രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയില്‍ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യമെന്നോണം പിറ്റേന്ന് നേരം വെളുക്കും മുമ്പ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി. ഷാൻ കേസിൽ പ്രതികളെ വേഗം പിടികൂടാൻ പോലീസിന് കഴിഞ്ഞെങ്കിലും രൺജീത്ത് കേസിൽ പോലീസിന് ശരിക്കും കഷ്ടപ്പെടേണ്ടി വന്നു.
Also Read: ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകവും സമാനമായിരുന്നു. വിഷു ദിനത്തിൽ പള്ളിയിൽ നിന്നും നിസ്ക്കാരം കഴിഞ്ഞു പിതാവുമായി ബൈക്കിൽ വരികയായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിൽ വന്ന അക്രമിസംഘം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിന്റെ പ്രതികാരമായി പിറ്റേദിവസം അതായത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നത്. ഇരുകേസിലുമായി ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക